നാട്ടിലെ പുലികള്‍ ആഫ്രിക്കയില്‍ പൂച്ചകളായി; എന്‍ഗിഡിക്ക് മുന്നില്‍ കണ്ടം വ‍ഴി ഓടി ഇന്ത്യന്‍ ബാറ്റിംഗ് നിര; രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ തോല്‍വി; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ പരാജയം. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ മുന്‍ നിരയും മധ്യനിരയും കളി മറന്നു.

ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിന് മുന്നില്‍ കൊടികെട്ടിയ ഇന്ത്യന്‍ താരങ്ങള്‍ അമ്പെ പരാജയമാകുകയായിരുന്നു. 134 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ആഫ്രിക്കന്‍ സംഘം പിടിച്ചെടുത്തത്. 151 റണ്‍സില്‍ ടീം ഇന്ത്യ ബാറ്റു താ‍ഴ്ത്തി.

ആദ്യ ടെസ്റ്റില്‍ ജയിച്ചിരുന്ന ആതിഥേയര്‍ ഇതോടെ പരമ്പര സ്വന്തമാക്കി. തുടര്‍ച്ചയായ എട്ട് പരമ്പര വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റ് പരമ്പര അടിയറവയ്ക്കുന്നത്.

ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്ന ഇന്ത്യക്ക് ഇന്ന് ആദ്യം പൂജാരയുടെ വിക്കറ്റാണ് നഷ്ടമായത്. ഇല്ലാത്ത റണ്ണിനോടിയ പൂജാര റൗണ്ണൗട്ടാകുകയായിരുന്നു. പിന്നാലെ പട്ടേലിനെ റബാഡ മടക്കി.

പാണ്ഡ്യയേയും അശ്വിനേയും കൂടാരം കയറ്റിയ എന്‍ഗിഡി ദക്ഷിണാഫ്രിക്കയെ വീജയ തീരത്തെത്തിച്ചു.

ആദ്യ ടെസ്റ്റ് കളിക്കുന്ന എന്‍ഗിഡി രണ്ടാം ഇന്നിംഗ്സില്‍ കോഹ്ലിയെ അടക്കം ആറ് താരങ്ങളെയാണ് പുറത്താക്കിയത്. 47 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ മാത്രമാണ് ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ പോരാട്ടം നടത്തിയത്.

നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സില്‍ 335 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവില്‍ 307 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ഡിവില്ലേ‍ഴ്സ് 80 ഉം എല്‍ഗര്‍ 61 ഉം നായകന്‍ ഫാഫ് ഡുപ്ലെസി 48 ഉം റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ 258 റണ്‍സ് കുറിച്ചു.

ഒന്നാം ഇന്നിംഗ്സിലെ 28 റണ്‍സ് കൂടിയായതോടെയാണ് ഇന്ത്യക്ക് മുന്നില്‍ 287 റണ്‍സിന്‍റെ വിജയലക്ഷ്യം വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News