മദ്യപിച്ചെന്ന് ആരോപിച്ച് സസ്‌പെന്‍ഷന്‍; വൈദ്യ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടും നടത്തിയില്ല; ക്ലാസിലെത്തിയപ്പോള്‍ അധ്യാപകര്‍ ഇറങ്ങിപ്പോയി; വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമം മാനസിക പീഡനത്തെ തുടര്‍ന്ന്

നെഹ്രു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ ലോ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികാര നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷനെന്നും മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും മാനസിക പീഢനത്തെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാരോപിച്ച് കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

അധ്യാപകരോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ക്ലാസ് മുറിയില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രതികാര നടപടിയുടെ ഭാഗമായാണ് സസ്‌പെന്‍ഷനെന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ക്ലാസില്‍ മദ്യപിച്ചെത്തിയെന്ന കാരണം പറഞ്ഞ് മറ്റ് 5 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഈ വിദ്യാര്‍ത്ഥിയേയും സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച വിദ്യാര്‍ത്ഥി തന്നെ വൈദ്യ പരിശോധന നടത്താന്‍ ആവശ്യപ്പെട്ട് സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്തു. സസ്‌പെന്‍ഷന്‍ കാലയളവ് കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെയാണ് വീണ്ടും സസ്‌പെന്റ് ചെയ്തത്. എന്നാല്‍, വിദ്യാര്‍ത്ഥി ക്ലാസിലെത്തിയെങ്കിലും അധ്യാപകര്‍ ക്ലാസെടുക്കാള്‍ വിസമ്മതിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെയായിരുന്നു ആത്മഹത്യാ ശ്രമം.

വിദ്യാര്‍ത്ഥിക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും, മാനസികമായി പീഡിപ്പിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മണിക്കൂറുകളോളം വിദ്യാര്‍ത്ഥികള്‍ കോളേജ് ഉപരോധിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് നാളെ ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel