തനി സ്വരൂപം പുറത്തെടുത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി; സുരക്ഷാജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ചു

ഭോപാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൗഹാന്‍ സുരക്ഷാജീവനക്കാരനെ നടുറോഡില്‍ മര്‍ദിച്ചു. ദാര്‍ ജില്ലയിലെ സര്‍ദാര്‍പുരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് ശിവരാജ് സിങ് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളെ അകാരണമായി മര്‍ദിച്ചത്. ജനുവരി 14നായിരുന്നു സംഭവം. വീഡിയോദൃശ്യങ്ങള്‍ ചൊവ്വാഴ്ച സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.

റാലി നടക്കുന്നതിനിടെ ജനക്കൂട്ടം നോക്കിനില്‍ക്കെയാണ് സുരക്ഷാജീവനക്കാരനെ മുഖ്യമന്ത്രി തല്ലിയത്. മര്‍ദനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതാദ്യമല്ല ശിവരാജ് ചൗഹാന്‍ സുരക്ഷാജീവനക്കാരോട് മോശമായി പെരുമാറുന്നത്. 2016 ആഗസ്തില്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് ചൗഹാനെ ചുമലിലേറ്റിച്ചിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ ചൗഹാനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ടി എംപി നഗര്‍ പൊലീസില്‍ പരാതി നല്‍കി. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ ഓഫീസോ തയ്യാറായിട്ടില്ല. മര്‍ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരനും പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News