നാടിന്റെ ബഹുസ്വരത നശിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമം; ബിജെപിയും കോണ്‍ഗ്രസും ഒരേ നയത്തിന്റെ വക്താക്കള്‍: പിണറായി വിജയന്‍

നാടിന്റെ ബഹുസ്വരത നശിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയും കോണ്‍ഗ്രസും ഒരേ നയത്തിന്റെ വക്താക്കളാണെന്നും പിണറായി പറഞ്ഞു.

കൊച്ചിയില്‍ സിപിഐ എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും നയങ്ങള്‍ ഒന്നാണ്. അത് ഉദാരവത്കരണ നയമാണ്. കോണ്‍ഗ്രസ് ഭരണത്തേക്കാള്‍ വേഗത്തിലാണ് അത് ബിജെപി നടപ്പാക്കുന്നതെന്നും പിണറായി വ്യക്തമാക്കി.

ഗാന്ധി കൊല്ലപ്പെടേണ്ട ആളാണെന്നുതന്നെ ആര്‍എസ്എസ് പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാണ് എന്ന് മനസിലാക്കി ഗാന്ധിയെ തീരുമാനിച്ച് കൊലപ്പെടുത്തുകയായിരുന്നു സംഘപരിവാര്‍ ശക്തികള്‍. ഇപ്പോള്‍ ഗോഡ്‌സേയെ ദൈവതുല്യാനാക്കുകയും ക്ഷേത്രം പണിയുകയും ചെയ്യുകയാണ്.

രാജ്യത്തെ മതനിരപേക്ഷതയെ തള്ളിപ്പറഞ്ഞുകൊണ്ട് ഒരു കേന്ദ്ര മന്ത്രി സംസാരിക്കുന്നു.ഞങ്ങള്‍ ഭരണഘടന മാറ്റിയെഴുതും എന്നാണ് മന്ത്രി പറയുന്നത്. ഇതൊരു വിടുവായത്തം മാത്രമായി കാണാന്‍ സാധിക്കില്ല. കാരണം, പാര്‍ലമെന്റിലെ പ്രധാനപ്പെട്ട പല നേതാക്കളും ഇത്തരത്തില്‍ പറയുന്നുണ്ട്. അവര്‍ മതനിരപേക്ഷത തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു.

വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ നടത്തുന്ന നാക്കിന്റെ ഉടമയാണ് പ്രവീണ്‍ തൊഗാഡിയ എന്നും കേരളത്തില്‍ തൊഗാഡിയക്കെതിരെ ഉണ്ടായ കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും പിണറായി പറഞ്ഞു. തൊഗാഡിയ പോലും, തന്നെ ബിജെപി സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന ഭീതിയില്‍ കഴിയുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുകയാണ്; മുഖ്യമന്ത്രി വ്യക്തമാക്കി.

വൈകീട്ട് റാലിയോടെ തുടക്കമിട്ട സമാപന സമ്മേളനം ഫിഡല്‍ കാസ്‌ട്രോ നഗറിലാണ് (മറൈന്‍ ഡ്രൈവ്) മുഖ്യമന്ത്രി. ഉദ്ഘാടനംചെയ്തത്. പുതിയ ജില്ലാകമ്മിറ്റി അംഗങ്ങളും നേതാക്കളും റാലിയില്‍ അണിനിരന്നു.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, വൈക്കം വിശ്വന്‍, കെ കെ ശൈലജ, പി കെ ഗുരുദാസന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്,എം എം മണി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News