കണ്ണൂര്‍: ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ വളപട്ടണം സ്വദേശി പി പി അബ്ദുള്‍ മനാഫ് (30) സിറിയയില്‍ കൊല്ലപ്പെട്ടതായി വിവരം. നവംബറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരമെന്ന് പൊലീസ് അറിയിച്ചു.
മനാഫിന്റെ സുഹൃത്ത് കുറ്റിയാട്ടൂര്‍ ചെക്കിക്കുളത്തെ അലക്കാടന്‍കണ്ടിയിലെ അബ്ദുള്‍ ഖയൂമാണ് വിവരം സിറിയയില്‍നിന്ന് കൈമാറിയത്. മനാഫ് അടക്കം സിറിയയിലുള്ള അഞ്ചുപേരുടെ ചിത്രം നവംബറില്‍ പൊലീസ് പുറത്തുവിട്ടിരുന്നു.
ഭാര്യയും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് മനാഫ് സിറിയയിലേക്ക് പോയത്. പോപ്പുലര്‍ഫ്രണ്ടില്‍ സജീവമായിരുന്ന മനാഫ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഒ ടി വിനീഷിനെ വധിച്ച കേസില്‍ പ്രതിയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫീസ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് സിറിയയിലേക്ക് കടന്നത്. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും ഐഎസിന്റെ ചില വെബ്സൈറ്റുകളിലൂടെയും ഇവര്‍ സിറിയയിലെ ഐഎസ് കേന്ദ്രത്തിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് 15 പേരാണ് ഐഎസില്‍ ചേര്‍ന്നത്. ഐഎസ് ബന്ധമുള്ള അഞ്ചുപേരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
തലശേരി കുഴിപ്പങ്ങാട് തൗഫീകിലെ യു കെ ഹംസ, തലശേരി കോര്‍ട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാന്‍, മുണ്ടേരി കപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്ലാജ്, ചെക്കിക്കുളം പള്ളിയത്ത് പണ്ടരവളപ്പിലെ കെ വി അബ്ദുള്‍റസാഖ്, മുണ്ടേരി പടന്നോട്ട് മെട്ടയിലെ എം വി റാഷിദ് എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തില്‍ ഐസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഷജീര്‍ മംഗലശേരി അടക്കം 14 മലയാളികള്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മരിച്ചവര്‍ 15 ആയി.
കാസര്‍കോട് ജില്ലക്കാരായ ഹഫീസുദ്ദീന്‍, യഹിയ, മര്‍വാന്‍, മുര്‍ഷിദ് മുഹമ്മദ് എന്നിവരും കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പാപ്പിനിശേരി ഗ്രൂപ്പിലെ ഷമീര്‍ പഴഞ്ചിറപ്പള്ളി, മകന്‍ സലിം, കണ്ണൂര്‍ ചാലാട്ടെ ഷഫ്നാദ്, വടകരയിലെ മന്‍സൂര്‍, മലപ്പുറം കൊണ്ടോട്ടിയിലെ മന്‍സൂര്‍, മലപ്പുറം വാണിയമ്പലത്തെ മുഖദില്‍, പാലക്കാട്ടെ അബു താഹിര്‍, ഷിബി എന്നിവരും മരിച്ചതായാണ് പൊലീസ് സ്ഥിരീകരിച്ചത്.
Get real time update about this post categories directly on your device, subscribe now.