നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കാമെന്ന് കോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം ചോര്‍ന്നുവെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് അങ്കമാലി കോടതിയുടെ താക്കീത്.കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

തെളിവുകളും രേഖകളും ചോരാതിരിക്കാന്‍ ജാഗ്രത വേണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ നവംബർ 22നാണ് നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. ദിലീപിനെ എട്ടാം പ്രതിയാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.

അങ്കമാലി മജിസ്ട്രേറ്റു കോടതിയിൽ സമർപ്പിച്ച് മണിക്കൂറുകൾക്കകം കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.ഇതെ തുടർന്നാണ് ദിലീപ് കോടതിയെ സമീപിച്ചത്.

കുറ്റപത്രം പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹർജി. കുറ്റപത്രം ചോർത്തിയതിന് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കുറ്റപത്രം പോലീസ് ചോർത്തിയെന്ന ദിലീപിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘം വിശദീകരണം നൽകിയിരുന്നു.

ഫോൺ രേഖകൾ അടക്കമുള്ളവ ദിലീപാണ് മാധ്യമങ്ങൾക്ക് ചോർത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.ഇരു ഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് ശക്തമായ താക്കീത് നല്‍കുന്നതായി ഉത്തരവിട്ടത്.

കുറ്റപത്രം ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.ഇക്കാര്യത്തില്‍ പ്രതിയുടെ ആശങ്ക ന്യായമാണ്.കുറ്റപത്രത്തിലെ വിവരങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടുള്ള മാധ്യമ വിചാരണ നീതി നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തും.

കുറ്റപത്രവും തെളിവുകളും ചോരാതിരിക്കാന്‍ ജാഗ്രതവേണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.ഹര്‍ജിയില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുന്നതായും കോടതി വ്യക്തമാക്കി.

അതേ സമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.

ഇതെ തുടർന്ന് ഈ ഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം 22ലേയ്ക്ക് മാറ്റിയിട്ടുണ്ട്.ദിലീപിന് ദൃശ്യങ്ങൾ നൽകരുത് എന്നാണ് പോലീസിന്റെ നിലപാട്.

കൈമാറുന്നത് ദൃശ്യങ്ങൾ ചോരാനിടയാക്കുമെന്നും അത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

ഇരയെ അപമാനിച്ച് കേസ് ദുർബലപ്പെടുത്താനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News