ഉപരാഷ്ട്രപതിയുടെ ഷൂസ് ആരോ അടിച്ചുമാറ്റി; അതും ബിജെപി എംപിയുടെ വീട്ടിൽനിന്ന്

ബംഗളുരു സെന്‍ട്രലിലെ ബി.ജെ.പി. പാര്‍ലമെന്റംഗം പി.സി. മോഹന്റെ വീട്ടിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂസാണ് കാണാതായത്. എംപിയെക്കണ്ട് തിരിച്ചുപോകാനിറങ്ങിയപ്പോൾ ഷൂസ് കാണാതാവുകയായിരുന്നു.

ഔദ്യോഗികപരിപാടികക്ക് ബംഗളുരുവിലെത്തിയതാണ് ഉപരാഷ്ട്രപതി. കര്‍ണാടകത്തിലെ എം.എൽ. എമാർ ഉള്‍പ്പെടെയുള്ള അഭ്യുദയകാംക്ഷികളുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം എം.പിയുടെ വീട്ടിലെത്തിയത്. അവിടെ ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ എംപി പ്രാതൽ വിരുന്ന് ഒരുക്കിയിരുന്നു.

ഷൂ കാണാതായതോടെ അങ്കലാപ്പിലായ ഗാര്‍ഡുമാരും ജീവനക്കാരും വീട്ടുവളപ്പിലെ മുക്കും മൂലയും അരിച്ചുപെറുക്കി എന്നാണ് വാർത്ത. എന്നിട്ടും ഷൂസ് കിട്ടിയില്ല. അംഗരക്ഷകർ ഉടൻ അടുത്തുള്ള കടയിലേക്കു പാഞ്ഞു. അവർ എത്തിച്ച പുതിയ ഷൂസും ധരിച്ച് ഉപരാഷ്ട്രപതി യാത്രയായി.

എന്നാലും ഉപരാഷ്ട്രപതിയെപ്പോലൊരു വിവിഐപിയുടെ ഷൂസ് എംപിയുടെ വീടുപോലൊരു സ്ഥലത്ത് സകലമാനസുരക്ഷാവലയവും ഭേദിച്ച് ആരു കടത്തി എന്ന ചോദ്യം ബാക്കിയാണ്.

വിരുന്നിനു ക്ഷണിക്കപ്പെട്ട വിഐപികളത്രയും എംപിയുടെ വീട്ടിലുണ്ടായിരുന്നു.കേന്ദ്രമന്ത്രി സദാനന്ദഗൗഡ, എം.എല്‍.എമാരായ സി.ടി. രവി, ജഗദീഷ് ഷെട്ടർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.ഒപ്പം, ഉപരാഷ്ട്രപതിയെ കാണാൻ വന്‍ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. അവരിൽ ആരെങ്കിലും ഷൂ മാറിയെടുത്തതാകാം എന്നാണ് ഇപ്പോൾ പോലീസിന്റെ നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News