സ്വന്തം പ്രവര്‍ത്തകനെ കൊന്ന എസ്ഡിപിഐക്കാരുടെ പേര് പറയാന്‍ ആര്‍എസ്എസ് മടിച്ചു നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം; എസ്ഡിപിഐയോട് മൃദുസമീപനമാണ് ആര്‍എസ്എസ് സ്വീകരിക്കുന്നത്

കണ്ണൂര്‍: സ്വന്തം പ്രവര്‍ത്തകനെ കൊന്ന എസ്ഡിപിഐക്കാരുടെ പേര് പറയാന്‍ ആര്‍എസ്എസ് നേതൃത്വം മടിച്ചു നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐഎം.

സംഭവത്തെ തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വം നടത്തുന്ന പ്രചരണം അപഹാസ്യമാണെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകനായ അയൂബിനെ സ്‌കൂള്‍ ബസ് തടഞ്ഞു നിര്‍ത്തി ചിറ്റാരിപ്പറമ്പില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ ആക്രമണമെന്ന് പറയപ്പെടുന്നു.

സിപിഐഎമ്മും എസ്ഡിപിഐയും സയാമീസ് ഇരട്ടകളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ എല്ലാവര്‍ക്കുമറിയാം.

മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂരില്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന സുശീല്‍കുമാര്‍ മൃഗീയമായി ആക്രമിക്കപ്പെട്ടപ്പോള്‍ അത് സിപിഐഎമ്മിന്റെ ചുമലില്‍ കെട്ടിവെക്കുകയാണ് ആര്‍എസ്എസ് ചെയ്തത്. എന്നാല്‍ എസ്ഡിപിഐക്കാരുടെ ആക്രമണത്തിലായിരുന്നു സുശീല്‍ കുമാറിന് പരിക്കേറ്റതെന്ന് പിന്നീട് വ്യക്തമായി.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന പുന്നാട്ടെ മുഹമ്മദിനെ പുലര്‍ച്ചെ സുബഹ് നിസ്‌കാരത്തിനായി പോകുന്നതിനിടയിലാണ് ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അതിനെ തുടര്‍ന്ന് ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖും ഹിന്ദു ഐക്യവേദി നേതാവുമായിരുന്ന അശ്വിനികുമാറിനെ പുന്നാട് വെച്ച് ബസ്സില്‍ നിന്നിറക്കി എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തി.

ഇതിന്റെ തുടര്‍ച്ചയായി ഇരിട്ടി, പുന്നാട് മേഖലയില്‍ നിരവധി വീടുകളും കടകളും വാഹനങ്ങളും, തകര്‍ക്കുകയുണ്ടായി. 103 വീടുകള്‍ കൊള്ളയടിച്ചു. 40 വീടുകള്‍ അഗ്‌നിക്കിരയാക്കി. ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ നഗരങ്ങളില്‍ 18 കട കമ്പോളങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു. 812 പവന്‍ സ്വര്‍ണ്ണം വിവിധ വീടുകളില്‍ നിന്ന് കവര്‍ച്ച ചെയ്തതായി പിന്നീട് തെളിഞ്ഞു.

ഈ സംഭവങ്ങളുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ കുറച്ച് കാലത്തിന് ശേഷം ആര്‍എസ്എസ്-എസ്ഡിപിഐ മധ്യസ്ഥ ചര്‍ച്ചകളിലൂടെ പിന്‍വലിക്കപ്പെട്ടു. ഇതിലൂടെ ആര്‍എസ്എസ് നേതൃത്വം കോടികള്‍ സമ്പാദിച്ചതും സ്വത്ത് വകകള്‍ ആര്‍ജ്ജിച്ചതും ചുറ്റുവട്ടത്ത് കണ്ണോടിച്ചാല്‍ കാണാനാകും.

ഏറെ വിവാദമായ തലശേരിയിലെ ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് സംഭവത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തന്നെ വെളിപ്പെടുത്തിയിട്ടും ആര്‍എസ്എസോ എസ്ഡിപിഐയോ ഇതിനെ കുറിച്ച് യാതൊന്നും പ്രതികരിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം.

സിപിഐഎമ്മിന് നേരെ മാത്രമല്ല സമീപ നാളുകളിലായി ആര്‍എസ്എസ് അക്രമണത്തിന്റെ ഒരു പുതിയ മുഖം തന്നെ തുറക്കുകയാണ്. എസ്ഡിപിഐകാരോട് മൃദു സമീപനമാണ് ആര്‍എസ്എസ് സ്വീകരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കണ്ണവത്ത് സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും ഉത്തരവാദികളായ എസ്ഡിപിഐക്കാരുടെ പേര് പറയാന്‍ പോലും ആര്‍എസ്എസ് നേതൃത്വം മടിച്ചു നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് അവര്‍ വ്യക്തമാക്കണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പോലും കൊലയാളികളുടെ പേര് പറയാന്‍ തയ്യാറായിട്ടില്ല.

കൊലപാതകത്തെ തുടര്‍ന്ന് കണ്ണവത്തെ മുസ്ലിം വീടുകള്‍ ആക്രമിച്ച് കൊള്ളയടിക്കാനും ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷത്തെ ഹിന്ദുമുസ്ലിം സംഘര്‍ഷമാക്കാനുമാണിപ്പോള്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്.

ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News