ശ്രീജീവിന്റെ മരണം അന്വേഷിക്കുന്ന സിബിഐ മറ്റൊരു കസ്റ്റഡി മരണക്കേസില്‍ സംശയനിഴലില്‍; കടുവയെ കിടുവ പിടിക്കുന്ന കഥ യാഥാര്‍ത്ഥ്യമാകുന്നുവോ? കേസില്‍ സിബിഐയ്ക്ക് ഗുജറാത്ത് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

ശ്രീജീവിന്റെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപെടുത്തിയ സിബിഐ തന്ന കസ്റ്റഡി മരണകേസിലെ ആരോപണ വിധേയമായ ഏജന്‍സി. സ്മിത തിരോധാന കേസിലെ നിര്‍ണായക സാക്ഷി ദേവയാനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരായി നില്‍ക്കുന്നത്.

ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ നാര്‍ക്കോ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കാട്ടി ഗുജറാത്ത് പോലീസ് സിബിഐക്ക് നോട്ടീസ് നല്‍കി. പാറശാലയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുക്കാനിരിക്കെയാണ് ആ ഏജന്‍സിയുടെ വിശ്വാസത്യയെ ബാധിക്കുന്ന തരത്തില്‍ സിബിഐ ഉദ്യോഗസ്ഥരെ ഗുജറാത്ത് പോലീസ് ശാസ്ത്രീയ മാര്‍ഗത്തിലൂടെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

സിബിഐ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കസ്റ്റഡി മരണ കേസില്‍ രണ്ട് മലയാളി സിബിഐ ഉദ്യോഗസ്ഥരോട് നാര്‍ക്കോ പരിശോധനയ്ക്ക് ഹാജരാകാന്‍ ഗുജറാത്ത് ക്രൈംബ്രാഞ്ചാണ് നോട്ടീസ് നല്‍കിയത്. കോടതിയില്‍ സമ്മത പത്രം നല്‍കാന്‍ തയ്യാറാണോ എന്നറിയിക്കണമെന്ന് കാട്ടിയുളള നോട്ടീസാണ് കേസിലെ ആരോപണവിധേയരായ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രീനിവാസനും, ജ്യോതി രാജേഷിനും ലഭിച്ചത്.

സ്മിത തിരോധാന കേസിലെ നിര്‍ണായക സാക്ഷി ദേവയാനി സിബിഐ കസ്റ്റഡിയല്‍ വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നോട്ടീസ്. സ്മിതയുടെ തിരോധാനത്തില്‍ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ ദേവയാനിയെ ബ്രെയിന്‍ മാപ്പിങ്ങിന് അഹമ്മദാബാദിലേക്ക് കൊണ്ടു പോകും വഴിയാണ് സിബിഐ കസ്റ്റഡിയല്‍ വെച്ച് അവര്‍ ദുരൂഹ സാഹചര്യത്തില്‍ മരണപെടുന്നത്.

ശ്രീജീവിന്റെ കസ്റ്റഡി മരണം പോലെ തന്നെ വിഷം ഉള്ളില്‍ ചെന്നായിരുന്നു ദേവയാനിയും മരണപ്പെട്ടത്. ഇടപള്ളി സ്വദേശിനിയായ സ്മിതയുടെ തിരോധാനം പ്രത്യേകവഴിത്തിരിവിലെത്തി നിള്‍ക്കെ സാക്ഷി കസ്റ്റഡിയില്‍ മരിച്ചതോടെ കേസന്വേഷണം തന്നെ വഴിമുട്ടി നില്‍ക്കുകയാണ്.

സാക്ഷിയായ ദേവയാനിക്ക് യാത്ര ചെയ്യാനുളള ടിക്കറ്റിന് പണം മുടക്കിയത് സിബിഐ വാറണ്ട് വഴിയായതിനാല്‍ ദേവയാനിക്കൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സംശയനിഴലിലായി. സീക്രട്ട് ഫണ്ട് ഉപയോഗിച്ച് സാക്ഷിക്ക് ടിക്കറ്റ് എടുത്ത് നല്‍കാതെ പ്രതികള്‍ക്ക് മാത്രം നല്‍കുന്ന വാറണ്ട് ടിക്കറ്റ് ഉപയോഗിച്ചതാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് വിനയായത്.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ ശിക്ഷാ നടപടിയായി ചെന്നൈയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ദേവയാനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ തന്നെ ആരോപണവിധേയമായി നില്‍ക്കുമ്പോള്‍ ആണ് പാറശാല സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണക്കേസ് സിബിഐയുടെ അതേ യൂണിറ്റ് തന്നെ ഏറ്റെടുക്കാന്‍ പോകുന്നതെന്നത് വൈരുദ്ധ്യവും, കൗതുകവുമായി മാറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here