കെഎസ്ആര്‍ടിസിയ്ക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് ഡീസല്‍ വില വര്‍ധനവ്; പ്രതിദിനം അധിക ബാധ്യതയായി 30 ലക്ഷം രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അഹോരാത്രം പരിശ്രമിക്കുന്ന കെഎസ്ആര്‍ടിസിയ്ക്ക്, പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഡീസല്‍ വില കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.

ഡീസല്‍ വില വര്‍ദ്ധിച്ചതിലൂടെ പ്രതിദിനം ഇരുപത് മുതല്‍ 30 ലക്ഷം രൂപ വരെ കെഎസ്ആര്‍ടിസിക്ക് അധിക ബാദ്ധ്യതയായി വന്നിരിക്കുന്നു. അതേസമയം ഡീസല്‍വില വര്‍ദ്ധിക്കുന്ന നില തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ അത് സാരമായി ബാധിക്കുമെന്നാണ് കെ.എസ്.ആര്‍ടിസി മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി ഓരോ ദിനവും അല്പമെങ്കിലും കരകയറാനുള്ള തത്രപ്പാടിലാണ്. പക്ഷേ കെഎസ്ആര്‍ടിസിയ്ക്ക് കൂനിന്‍മേല്‍ കുരുപോലെ ആയിരിക്കുന്നു പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഡീസല്‍വില. കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം പ്രതിദിനം 3 കോടി 10ലക്ഷം രൂപയാണ് ഡീസല്‍ വാങ്ങിയ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് ചെലവായത്.

ഡീസല്‍ വില ഉയരുന്നതിന് മുന്‍പ്, ഇത് 3 കോടി രൂപയായിരുന്നു. പ്രതിദിനം 6 കോടി രൂപ വരുമാനം ലഭിക്കുന്ന കെഎസ്ആര്‍ടിസിക്ക് ഡീസലിന്റെ ചെലവ് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഡീസല്‍ വില ഇപ്പോഴത്തെ നിലക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ പ്രതിദിനം 20 മുതല്‍ 30 ലക്ഷം രൂപവരെ കെഎസ്ആര്‍ടിസിയ്ക്ക് അധിക ബാദ്ധ്യതയുണ്ടാക്കും.

നിലവിലെ സ്ഥിതി ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെയുള്ളവ ആലോചിക്കേണ്ടതാണെന്ന ഘട്ടത്തില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെ എത്തിച്ചിരിക്കുകയാണ്. കൂടാതെ കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസുകളെയും ഇപ്പോഴത്തെ സാഹചര്യം സാരമായി ബാധിക്കുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു.

5616 സര്‍വ്വീസുകളാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നായി ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിലേക്കായി നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം ലിറ്റര്‍ ഡീസല്‍ കെഎസ്ആര്‍ടിസിക്ക് ദിവസവും ആവശ്യമായിവരുന്നു.

അതേസമയം, ദിവസവും ഡീസല്‍വില വര്‍ദ്ധിക്കുന്നത് ഓയില്‍ കമ്പനിയുമായുള്ള കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ഇടപാടിനെ ബാധിക്കുമെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഡീസല്‍ വില വര്‍ദ്ധനയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ്ജ് 1 രൂപ മുതല്‍ 5 രൂപ വരെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ക്കും തിരിച്ചടിയായിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News