ജീവിതത്തിന്റെ നെല്ലിപ്പടിയിലും നെല്ലിപ്പലക വില്‍പനയുമായ് ബാലകൃഷ്ണന്‍

കോഴിക്കോട് കാരപ്പറമ്പിലെ ബാലകൃഷ്ണന് വയസ്സ് 93. കാലം മുന്നോട്ട് കടന്നപ്പോഴും കുഴല്‍ കിണറുകളും റിംഗ് കിണറുകളും കാലത്തെ അതിജീവിച്ച് മുന്നേറിയപ്പോഴും ബാലകൃഷ്ണന് പരാതികളോ പരിഭവങ്ങളോ ഇല്ല.

ശുദ്ധമായ ജലം കിട്ടാന്‍ പഴയതലമുറ എന്നും കിണറുകുഴിക്കും  മുന്‍പ് ബാലകൃഷ്ണനെ തേടി എത്തിയിരുന്നു. നെല്ലിപ്പലകയ്ക്ക് ഏല്‍പിക്കാന്‍. കിണറിന്റെ ഏറ്റവുമടിയില്‍ നെല്ലിപ്പടിയിലാണ് നെല്ലിപ്പലക വിരിക്കുക. മുറ തെറ്റാതെ പുതുതായി കിണര്‍ കുഴിക്കുന്ന ചിലര്‍ ഇന്നും ബാലകൃഷ്ണനെ തേടിയെത്താറുണ്ട്.

കിണറില്‍ വെള്ളം കണ്ടാല്‍ പുതുവെള്ളം കാണാനെത്തുന്നവര്‍ക്ക് പഞ്ചസാരകലക്കി നല്‍കിയിരുന്ന കാലത്തില്‍ നിന്നും ഏറെ മാറിപ്പോയ ലോകത്താണ് ബാലകൃഷ്ണന്‍ ഇന്ന്. നെല്ലിപ്പലക ആവശ്യത്തിന് കിട്ടാനുമില്ല. നെല്ലിമരം തന്നെ ഇല്ലാതായിരിക്കുന്നു. ഉള്ളതാവട്ടെ സങ്കരയിനം മരം വളര്‍ന്നതാണെന്ന പരിഭവവും.

കിണറുകുഴിക്കുന്നവര്‍ക്ക് നെല്ലിപ്പലക വിതരണം ചെയ്യുന്ന പാരമ്പര്യ തൊഴില്‍ ഇപ്പോഴും തുടരുകയാണ്. പണ്ടത്തെപ്പോലെ ആവശ്യക്കാരില്ലെങ്കിലും ബാലകൃഷ്ണന്‍ പതിവ് തെറ്റിക്കാതെ അതിരാവിലെ കടയിലെത്തും.

കാഴ്ചയ്ക്കും കേള്‍വിക്കുമൊന്നും കുറവില്ല. ഒരു പുഞ്ചിരി മാത്രം തെളിയുന്ന ആ മുഖത്ത് ഇനിയുള്ള കാലം ആരെങ്കിലും നെല്ലിപ്പലക അന്വേഷിച്ച് വരുമോ എന്ന പ്രതീക്ഷയുമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News