ഭാവന വിവാഹിതയായി; #Exclusive Visuals

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നടി ഭാവനക്ക് പ്രണയസാഫല്യം.

ഇഷ്ടദേവനായ തിരുവമ്പാടി കണ്ണന് മുന്നിലാണ് കന്നട സിനിമാ നിര്‍മാതാവ് നവീന്‍ മലയാളത്തിന്റെ പ്രിയ നായികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബാഗങ്ങളും സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.

സ്വര്‍ണ്ണ നിറത്തിലുള്ള ഡിസൈനര്‍ സാരിക്ക് അനുയോജ്യമായ പരമ്പരാഗത ആഭരണങ്ങളണിഞ്ഞ് തലയില്‍ മുല്ലപ്പൂവും ചൂടിയാണ് 9.30ഓടെയാണ് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്ന് ഭാവന വിവാഹവേദിയായ തിരുവമ്പാടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.

ഇഷ്ടദേവനായ തിരുവമ്പാടി കണ്ണനെ വണങ്ങി ഭാവന നടയിലെത്തിയതോടെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. കസവ് വേഷ്ടിയും മുണ്ടുമുടുത്ത് മലയാളി വേഷത്തിലാണ് നവീനെത്തിയതെങ്കിലും വിവാഹ ചടങ്ങുകളില്‍ കന്നട ആചാരങ്ങളുമുണ്ടായിരുന്നു.

അഞ്ച് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞപ്പോള്‍ കാഴ്ചക്കാരായുണ്ടായിരുന്നത് ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം.

വിവാഹ രജിസ്റ്ററില്‍ ഒപ്പുവച്ച ശേഷം കോവിലകത്തുംപാടത്തെ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്ക്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ ലളിതമായ ചടങ്ങുകള്‍. വിവാഹത്തിന് ആശംസകളര്‍പ്പിച്ചവര്‍ക്കെല്ലാം ഭാവന നന്ദി അറിയിച്ചു.

സിനിമാതാരങ്ങളായ സിദ്ധിഖ്, മഞ്ജുവാര്യര്‍, നവ്യാ നായര്‍, രമ്യാ നമ്പീശന്‍, ഭാമ, ഷംന കാസിം, മിയ, ലെന, പിന്നണിഗായകന്‍ വിധുപ്രതാപ് തുടങ്ങി നിരവധി പേര്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നു.

2012ല്‍ റിലീസ് ചെയ്ത റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഭാവനയും നവീനും തമ്മിലുള്ള മൊട്ടിട്ടത്. വിവാഹ ശേഷം അഭിനയം തുടരുമോ എന്ന കാര്യത്തില്‍ ആരാധകരുടെ ഭാവനയ്ക്ക് വിട്ടാണ് താരം മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News