രാത്രിയുടെ മറവില്‍ മലപ്പുറത്ത് ലീഗിന്‍റെ കൊലവിളി; സിപിഐഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം; അങ്ങാടിപ്പുറം പൊളിടെക്നിക്കും അടിച്ചുതകര്‍ത്തു

സിപിഐ എം പെരിന്തല്‍മണ്ണ, മങ്കട ഏരിയാ കമ്മിറ്റി ഓഫീസുകള്‍ മുസ്ലിംലീഗുകാര്‍ അക്രമിച്ചു. പെരിന്തല്‍മണ്ണ നഗരസഭാ ഓഫീസിനുനേരെ കല്ലേറും നടത്തി. പെരിന്തല്‍മണ്ണ സിപിഐ എം ഓഫീസിന്‌നേരെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഏരിയാ കമ്മിറ്റി അംഗം അഡ്വ. ടി കെ സുല്‍ഫിക്കറലി, പെരിന്തല്‍മണ്ണ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും നാരങ്ങാക്കുണ്ട് ബ്രാഞ്ച് സെക്രട്ടറിയുമായ പുത്തന്‍വീട്ടില്‍ സന്തോഷ് എന്നിവരെ ഇ എം എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മക്കരപ്പറമ്പിലെ സിപിഐ എം മങ്കട ഏരിയാ കമ്മിറ്റി ഓഫീനേരെ രാത്രി ഏഴിനായിരുന്നു അക്രമണം. മക്കരപ്പറമ്പ് അങ്ങാടിയില്‍നിന്ന് സംഘടിച്ചെത്തിയ ലീഗുകാര്‍ മാരകായുധങ്ങളുമായാണ് ഓഫീസ് തകര്‍ത്തത്. ഓഫീസ് സെക്രട്ടറി നിസാര്‍, കാച്ചിനിക്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പള്ളിയാലില്‍ ബൈജു എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. നിസാര്‍ വികലാംഗനാണ്.

ഓഫീസിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന സംഘം ടിവി, കസേരകള്‍, മേശകള്‍, ബോര്‍ഡുകള്‍, ജനല്‍ ചില്ലുകള്‍ തുടങ്ങിയവ തല്ലി തരിപ്പണമാക്കി. കൊടിമരം തകര്‍ത്തു. ഓഫീസ് മേശയില്‍ സൂക്ഷിച്ചിരുന്ന ഓഖി ദുരിതാശ്വാസ ഫണ്ടും സംഘം അപഹരിച്ചു. പ്രവര്‍ത്തകര്‍ പിരിച്ചെടുത്ത 73,000 രൂപയാണ് കവര്‍ന്നത്. സി പി അബ്ദുറഹിമാന്‍, ജാഫര്‍ തേറമ്പന്‍, ചോലക്കല്‍ അബ്ബാസ്, ചോലക്കല്‍ സെനീബ് എന്നിവരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മക്കരപ്പറമ്പ് ടൗണില്‍ അക്രമം അഴിച്ചുവിട്ട ലീഗുകാര്‍ ജനങ്ങളെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തി. ഓഫീസ് തകര്‍ത്ത വിവരമറിഞ്ഞ് എത്തിയ സിപിഐ എം പ്രവര്‍ത്തകരെ കടന്നാക്രമിച്ചു. വാഹനങ്ങളും തടഞ്ഞിട്ടു. കല്ലും വടികളും മറ്റ് ആയുധങ്ങളുമായി കെട്ടിടങ്ങള്‍ക്ക് മുകളിലും അക്രമികള്‍ നിലയുറപ്പിച്ചു.

പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും കൊടിമരങ്ങളും ലീഗുകാര്‍ തെരഞ്ഞുപിടിച്ച് നശിപ്പിച്ചു. പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകര്‍ ഇ എം എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയോടെ തൂത ടൗണിലെ കൊടിമരവും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷനിലും ബോര്‍ഡുകള്‍ നശിച്ചു.

അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളേജും മുസ്ലിംലീഗുകാര്‍ അടിച്ചുതകര്‍ത്തു. അക്രമത്തില്‍ വനിതയടക്കം രണ്ട് അധ്യാപകര്‍ക്കും പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. പോളി കോളേജില്‍ ഇന്റര്‍സോണ്‍ ക്രിക്കറ്റ് ജേതാക്കള്‍ക്ക് സ്വീകരണവും കുടുംബശ്രീ ആഭിമുഖ്യത്തിലുള്ള ഭക്ഷണവിതരണ ഉദ്ഘാടനവും നടക്കുന്നതിനിടെയാണ് കല്ലും വടികളുമായി പുറത്തുനിന്ന് ലീഗുകാരെത്തി അക്രമിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അക്രമികള്‍ അധ്യാപകരുടെ കാറും സ്‌കൂടറുകളുമെല്ലാം തല്ലിതകര്‍ത്തു. പ്രിന്‍സിപ്പല്‍ കെ മുഹമ്മദ് മുസ്‌തഫയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ ഒന്നിച്ച് രംഗത്തിറങ്ങിയതിനാലാണ് പെണ്‍കുട്ടികളടക്കമുള്ളവര്‍ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

മുസ്ലിംലീഗ് മലപ്പുറം ജില്ലാസെക്രട്ടറിയും ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഉമ്മര്‍ അറക്കല്‍, അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ കര്‍മുക്കില്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം ലീഗുകാര്‍ സംഘടിച്ചെത്തുകയായിരുന്നു.അക്രമികളെ തടയുന്നതിനിടയിലാണ് അധ്യാപകരായ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം ഡമോണ്‍സ്‌ട്രേറ്റര്‍ ആത്തിക്ക,മെക്കാനിക്കല്‍ ലക്‌ച‌‌റര്‍ മുഹമ്മദ് സലീം എന്നിവര്‍ക്ക് പരിക്കേറ്റത് . പോളി യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സലീന്‍ ഇലാഹി, വൈസ് ചെയര്‍മാന്‍ എന്‍ എസ് വിഷ്ണു, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എം എസ് ഷൈന്‍, അമല്‍വിശ്വനാഥ്, യേശുദാസ്, ഷംസുദ്ദീന്‍, ഇ കെ സംഗീത്, പി ജിഷ്ണു, പി അര്‍ജുന്‍, ഇ മുഹമ്മദ്അനസ്‌റോഷന്‍ എന്നീ വിദ്യാര്‍ഥികളെ പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോളേജില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ മറപിടിച്ചാണ് ലീഗുകാര്‍ സംഘടിതരായെത്തി കോളേജ് അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥികളെ അക്രമിച്ചത്. രാവിലെ വിവിധപ്രദേശങ്ങളിലുള്ള ലീഗുകാര്‍ അങ്ങാടിപ്പുറം ലീഗാപ്പീസില്‍ കേന്ദ്രീകരിച്ചാണ് പോളിയിലേക്ക് അതിക്രമിച്ചെത്തിയത്. അക്രമിസംഘത്തില്‍ നൂറോളംപേരുണ്ടായിരുന്നതായി അധ്യാപകര്‍ പറഞ്ഞു. കൂറ്റന്‍വടികളും പട്ടികയുമേന്തി ഉമ്മര്‍അറക്കലിന്റെ നേതൃത്വത്തില്‍ പ്രകടനമായാണെത്തിയത്. പോളിക്ക് മുന്നിലുള്ള എസ്എഫ്‌ഐ കൊടിമരം തകര്‍ത്ത് പതാക ചുട്ടെരിച്ചു. ഭക്ഷണവിതരണകേന്ദ്രം ഉദ്ഘാടനചടങ്ങില്‍ ഇരച്ചുകയറി മൈക്ക്‌സൈറ്റ് വലിച്ചെറിഞ്ഞു. നാല്‍പതോളം പ്ലാസ്റ്റിക്കസേരകളും ചവുട്ടിപൊളിച്ചിട്ടുണ്ട്. കാമ്പസിനകത്തെ എസ്എഫ്‌ഐ കൊടിമരവും മുറിച്ചിട്ടു.

പോളി കമ്യൂണിറ്റി കോളേജില്‍ കടന്ന് കൂറ്റന്‍വടികളും പട്ടിക, കല്ല് എന്നിവയുമായി കണ്ണില്‍കണ്ടതെല്ലാം തകര്‍ത്തു. പോളി പ്രധാനകെട്ടിടത്തിന്റെ ജനല്‍ചില്ലുകളുംകല്ലേറില്‍ പൂര്‍ണമായി തകര്‍ന്നു. എന്‍എസ്എസ് ഓഫീസിന്റെ ജനല്‍ചില്ലുകളുംപൊളിച്ചു. അധ്യാപകരായ പി മോഹന്‍കുമാര്‍, ഡോ. കെ പി രാജേഷ്,എന്നിവരുടെ കാറും ദീപയുടെ കൈനറ്റിക് ഹോണ്ട എന്നിവയും തകര്‍ത്തു. സംഭവമറിഞ്ഞ് പിടിഎ നേതൃത്വത്തില്‍ രക്ഷിതാക്കളും നാട്ടുകാരുമെത്തിയതിനെ തുടര്‍ന്നാണ് ലീഗുകാര്‍ കാമ്പസ് വിട്ടുപോയത്. അക്രമത്തെ തുടര്‍ന്ന് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പോളിക്ക് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ചൊവാഴ്ച പിടിഎ യോഗം ചേര്‍ന്ന് അക്രമസംഭവങ്ങള്‍ വിലയിരുത്തുമെന്ന് പിടിഎ പ്രസിഡന്റ് ഷിഹാബ് ആലിക്കലും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here