അയോഗ്യത കല്പിക്കേണ്ടിയിരുന്നത് ഭരണഘടനാ സ്ഥാനത്തിരുന്ന് പക്ഷംചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ എം വി ജയരാജന്‍റെ രൂക്ഷ വിമര്‍ശനം.

പ്രതികരണം പൂര്‍ണരൂപത്തില്‍

ദില്ലിയിൽ ആം ആദ്മി പാർട്ടിയുടെ 20 എം.എൽ.എ മാരെ അയോഗ്യരാക്കാൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ടപതിക്ക് ശുപാർശ നൽകിയതും രാഷ്ട്രപതി അത് അംഗീകരിച്ചതും ജനാധിപത്യത്തേയും ജനഹിതത്തേയും അട്ടിമറിക്കുന്ന നടപടിയാണ്.

ടി.എൻ ശേഷൻ കാട്ടിയ മാതൃക എ .കെ ജോതി (A K Joti) യിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും കേന്ദ്രഭരണ കക്ഷിയുടെ ചട്ടുകമാവാതിരിക്കാനുള്ള മിനിമം ആർജ്ജവമെങ്കിലും കാണിക്കണമായിരുന്നു.

20 എം.എൽ.എ മാരെ അയോഗ്യരാക്കിയ നടപടി ഏവരെയും ഞെട്ടിച്ചതാണ്. ജനാധിപത്യ നടപടിക്രമങ്ങളിലൂടെ ജനങ്ങളാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ തെരഞ്ഞെടുത്തത്. ഫലത്തിൽ, ജനങ്ങളുടെ തീരുമാനത്തെയാണ് കൂട്ട അയോഗ്യത കല്പിച്ചതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അട്ടിമറിച്ചത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

മാത്രമല്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തെ ഇത്രകണ്ട് അപമാനപ്പെടുത്താൻ ഭരണകൂട സംവിധാനംതന്നെ തയ്യാറാവരുതായിരുന്നു. ഇത്രയും എം.എൽ.എ മാരെ കൂട്ടത്തോടെ അയോഗ്യരാക്കിയാലും കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ കഴിയില്ലെങ്കിലും, ബി.ജെ.പിക്ക് തലവേദനയായ ആം ആദ്മി സർക്കാരിനെ ഡൽഹിഭരണത്തിൽ നിന്നും താഴെയിറക്കുക എന്നതുതന്നെയാണ് കേന്ദ്രഭരണകക്ഷിയുടെ ലക്ഷ്യമെന്നുറപ്പ്.

ഭരണഘടനയുടെ 191 അനുച്ഛേദമനുസരിച്ച് ഇരട്ടപ്പദവി പാടില്ലെന്നുണ്ട്. അത് ഡൽഹിക്ക് മാത്രമാണോ ബാധകം..? ബി.ജെ.പി ഭരിക്കുന്ന ഹരിയാന, മധ്യപ്രദേശ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇരട്ടപ്പദവി അനുവദിക്കണമെന്ന പ്രത്യേകഭരണഘടനാ വ്യവസ്ഥയുണ്ടോ..?

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ മാത്രമല്ല, ഗുജറാത്ത് തെരഞ്ഞെടുപ്പ് ഘട്ടത്തിലും കേന്ദ്രഭരണ കക്ഷിക്ക് അനുകൂലമായി പക്ഷപാതിത്വനടപടി സ്വികരിച്ചത് വലിയവിമര്ശനം ക്ഷണിച്ചുവരുത്തിയതാണ്. ബി.ജെ.പി ക്ക് സമയമാവാത്തതുകൊണ്ട്, ഹിമാചൽ പ്രദേശിനൊപ്പം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിച്ച ഉപകാരമാണ് വിമർശിക്കപ്പെട്ടത്.

ഇതുമാത്രമല്ല, തെരഞ്ഞെടുപ്പ് പ്രചരണ സമാപനത്തിന് ശേഷം ടെലിവിഷൻ ഇന്റർവ്യൂവിന് നിന്നുകൊടുത്തതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയപ്പോൾ, സബർമതിയിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് മോഡി റോഡ് ഷോ നടത്തിയപ്പോൾ ഒരുനടപടിയും നിർദ്ദേശിച്ചിരുന്നില്ലെന്നതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വം തുറന്നുകാട്ടിയതാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്തുനിന്ന് വിരമിക്കാൻ വെറും മൂന്ന് ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഇത്തരമൊരു അപൂർവ നടപടി സ്വീകരിച്ചത്. ഫലത്തിൽ അയോഗ്യത കല്പിക്കേണ്ടിയിരുന്നത് ഭരണഘടനാ സ്ഥാനത്തിരുന്ന് പക്ഷംചേർന്ന് പ്രവർത്തിച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണ്.

ആം ആദ്മി പാർട്ടിയിലെ ആഭ്യന്തരതർക്കം ബി.ജെ.പി അടക്കമുള്ളവർക്ക് അവർക്കെതിരെ എളുപ്പം നടപടി സ്വികരിക്കാനുള്ള സാഹചര്യമൊരുക്കിയതെന്നത് എ.എ.പിയും പരിശോധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here