ദില്ലി: പദ്മാവത് സിനിമ വിലക്കണമെന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകളുടെ ആവശ്യം വീണ്ടും സുപ്രീംകോടതി തള്ളി. ചിത്രം വിലക്കണമെന്ന കര്‍ണിസേനയുടെ ആവശ്യവും കോടതി തള്ളി.

ഉത്തരവുകള്‍ എല്ലാവരും പാലിക്കണമെന്ന് പറഞ്ഞ കോടതി, ക്രമസമാധാനനില പാലിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ പരാജയപ്പെടുയാണെന്നും നിരീക്ഷിച്ചു. കോടതി ഉത്തരവുകള്‍ പാലിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കോടതി നിരീക്ഷിച്ചു.

താല്‍പര്യമില്ലെങ്കില്‍ ചിത്രം കാണാതിരിക്കുകയാണ് വേണ്ടത് അല്ലാതെ ചിത്രം നിരോധിക്കുകയല്ല ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ചിഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിലക്കാനാവില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇരുസംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചത്.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഇന്ത്യാ ചരിത്രത്തിലെ രജ്പുത് റാണ് പത്മിനിയുടെ ബയോപിക് ആണ്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സംഘപരിവാര്‍ സംഘടനകളുടെ ആക്രമണങ്ങളെ തുടര്‍ന്ന് നീണ്ടിവെക്കുകയായിരുന്നു. പിന്നീട് പേരിലടക്കം അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം ഈ മാസം 25ന് റിലീസ് ചെയ്യുന്നത്.

മതവികാരത്തെ വൃണപ്പെടുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് രാജ്പുത് വിഭാഗത്തിന്റെ ആരോപണം.