അവസാനിക്കാത്ത കാട്ടാളത്തം; ആദ്യരാത്രിയില്‍ വധുവിന്‍റെ കന്യാകത്വ പരിശോധന; ചോദ്യം ചെയ്തവര്‍ക്ക് വധുവിന്‍റെ സഹോദരന്‍റെ മര്‍ദനം

മഹാരാഷ്ട്രയിലെ കഞ്ചര്‍ഭട്ട് ഗോത്രത്തിലാണ് വിവാഹരാത്രിയില്‍ വധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്ന വിചിത്ര ആചാരം ഇപ്പോളും നിലനില്‍ക്കുന്നത്.

ഞായറാ‍ഴ്ച പൂണെയിലെ പിംപ്രിയില്‍ വധുവിനെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ജാതിപഞ്ചായത്തിന്‍റെ നടപടിയെ ചോദ്യം ചെയ്ത യുവാക്കളെ വധുവിന്‍റെ സഹോദരന്‍റെ നേതൃത്വത്തില്‍ മര്‍ദിക്കുകയായിരുന്നു. അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പായ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങള്‍ക്കാണ് മര്‍ദനമേറ്റത്.

വിവാഹച്ചടങ്ങുകള്‍ അവസാനിച്ച ശേഷം രാത്രി 10 മുതല്‍ 11.30 വരെ നാട്ടുപഞ്ചായത്ത് കൂടി. വധുവും വരനും പഞ്ചായത്തിന് നല്‍കേണ്ട തുകയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് കന്യാകത്വ പരിശോധന നടത്താനൊരുങ്ങിയത്. കന്യാകത്വ പരിശോധന ആചാരത്തിന്‍റെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും നാട്ടുപഞ്ചായത്തില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നു.

ഈ ചര്‍ച്ചയ്ക്കിടെയാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങളായ സൗരഭ് ജിതേന്ദ്രയ്ക്കും പ്രശാന്ത് വിജയിനും നേരെ ആക്രമണമുണ്ടായത്.

ഇതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നെയും വധുവിന്‍റ സഹോദരന്‍ സണ്ണി മാല്‍ക്കേയുടെ നേതൃത്വത്തില്‍ മര്‍ദിച്ചുവെന്നും സംഘടനാ പ്രവര്‍ത്തകനായ പ്രകാശ് അങ്കുഷ് ഇന്ദ്രേകര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. നാട്ടുപഞ്ചായത്തിലെ നാല്‍പ്പതോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.

കന്യാകത്വ പരിശോധന ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റവും മര്‍ദ്ദനവും നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ സ്ഥിരീകരിച്ചു.

കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ കന്യാകത്വ പരിശോധന നിരോധിക്കണമെന്നാവശ്യപ്പെട്ട് കഞ്ചര്‍ഭട്ട് ഗോത്രത്തിലെ 33 പേര്‍ ഒപ്പിട്ട നിവേദനം പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News