സഭയിലിരുന്ന് മുനീര്‍ വരച്ചത് പത്തുപേരുടെ ചിത്രങ്ങള്‍; മന്ത്രി തോമസ് ഐസക്കിന്റെ ചിത്രത്തിന് ചെന്നിത്തലാജിയും കൊടുത്തു ഫുള്‍മാര്‍ക്ക്; വീഡിയോ

ഒന്നരമണിക്കൂര്‍ നേരം ഒറ്റയടിക്ക് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിക്കൊണ്ടിരിക്കെ അതിലും തിരക്കിലായിരുന്നു പ്രതിപക്ഷം. പ്രത്യേകിച്ച് പാട്ടുകാരന്‍ കൂടിയായ മുനീര്‍. സഭയിലായത് കൊണ്ട് പാട്ട് പാടി സമയം കൊല്ലാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് ചിത്രം വര ആരംഭിച്ചു.

പിണറായിയുടെ ഉള്‍പ്പെടെയുള്ള ഭരണപക്ഷക്കാരെ നോക്കി മുനീര്‍ ചിത്രം വര തുടങ്ങി. ഓരോ ചിത്രവും, വര കഴിഞ്ഞ് സഹപ്രവര്‍ത്തകുടെ അഭിപ്രായത്തിനായി കൈമാറി. തൊട്ടടുത്തിരുന്ന അനൂപ് ജേക്കബിന് മുനീറിന്റെ ചിത്രം വര നന്നേ പിടിച്ചു. കൂട്ടത്തില്‍ താടിയുള്ള ഐസക്കിന്റെ ചിത്രമാണ് മുനീറിനും അനൂപിനും പെരുത്ത് ഇഷ്ടമായത്.

ഉടന്‍ പ്രതിപക്ഷ നേതാവിന്റെ അംഗീകാരത്തിനായി ചെന്നിത്തലയ്ക്ക് കൈമാറി. ഐസക്കിന്റെ ചിത്രത്തിന് ചെന്നിത്തലാജിയും കൊടുത്തു ഫുള്‍മാര്‍ക്ക്. മാത്രമല്ല, ചിത്രം ഒരു കവറിലാക്കി ഐസക്കിന് തന്നെ എത്തിക്കണമെന്ന് തോന്നി ചെന്നിത്തലയ്ക്ക്.

അങ്ങനെ ചിത്രം കവറിലാക്കി വാച്ച് ആന്റ് വാര്‍ഡ് മുഖാന്തിരം ഐസക്കിന്റെ കയ്യിലേക്ക്. കവര്‍ കിട്ടിയ ഉടന്‍ അമ്പരന്നെങ്കിലും തന്റെ ചിത്രം കണ്ടതോടെ ഐസക്കിന്റെ മുഖത്ത് ചിരി വിടര്‍ന്നു. കൈകൂപ്പി മുനീറിന് നന്ദി പറഞ്ഞു.

അപ്പോഴും ഗവര്‍ണര്‍ സ്പീക്കറുടെ ഡയസില്‍ നയപ്രഖ്യാപനപ്രസംഗം തുടരുകയായിരുന്നു. നിയമസഭയിലെ തിരക്കിനിടയിലാണെങ്കിലും മുനീര്‍ ഒരു പാട്ടുകാരന്‍ മാത്രമല്ല, നല്ലൊരു ചിത്രകാരന്‍ കൂടിയാണെന്ന് തെളിയിക്കാന്‍ നയപ്രഖ്യാപന പ്രസംഗം വഴിവെച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here