പെട്രോളിന്റേയും ഡീസലിന്റെയും ഉയര്‍ന്ന എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാനൊരുങ്ങി കേന്ദ്രം; നടപടി പ്രതിഷേധങ്ങള്‍ ശക്തമായതോടെ

ദില്ലി: പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പെട്രോളിന്റേയും ഡീസലിന്റെയും ഉയര്‍ന്ന എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.

ബജറ്റില്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് കത്ത് നല്‍കി. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന് നികുതി പെട്രോളിനും ഡീസലിനും ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ.

2018-19 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റില്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിക്കരുതെന്നാവശ്യപ്പെട്ടാണ് പെട്രോളിയം മന്ത്രാലയം ധനമന്ത്രിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്. നിലവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന നികുതി കുറയ്ക്കാനുള്ള ഇടപെടലും വേണം.

2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെ 9 പ്രാവശ്യമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പെട്രോള്‍ഡീസല്‍ ഡ്യൂട്ടീ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. ഇത് വന്‍ തോതില്‍ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. ആഗോളവിപണയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പെട്രോളിയം കമ്പനികള്‍ കൂട്ടിയ വിലയും കേന്ദ്ര സര്‍ക്കാരിന്റെ ഉയര്‍ന്ന് നികുതിയും കൂടിചേര്‍ന്നതോടെ ജനജീവിതം ദുസഹമായി.

സാധാരണക്കാരന് ഇരട്ടി ഭാരമായ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വൈകിയെങ്കിലും പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍.

ത്രിപുര, നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും നികുതി കുറയ്ക്കാനുള്ള നീക്കത്തിന് കാരണമായി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സമ്പൂര്‍ണ്ണ ബജറ്റാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പും വില കുറയ്ക്കുന്നതിലൂടെ മോദി ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here