മലയാള സിനിമയുടെ ഇതള്‍ കൊഴിയാത്ത വസന്തം; പത്മരാജന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

മലയാളചലച്ചിത്ര മേഖലയില്‍ കാമ്പുളള കഥകള്‍ കൊണ്ട് കാവ്യം തീര്‍ത്ത പ്രതിഭ പത്മരാജന്‍ ഓര്‍മ്മയായിട്ട് ഇന്ന് 27 വര്‍ഷങ്ങള്‍. മലയാള ചലച്ചിത്ര ലോകത്തെ വരസിദ്ധിയുടെ മുടി ചൂടിയ ഗന്ധര്‍വ്വനായി പത്മരാജന്‍ ഇന്നും ആസ്വാദക മനസ്സുകളില്‍ ജീവിക്കുന്നു.

എം. ടിക്ക് ശേഷം ദൃശ്യകലയുടെ രസതന്ത്രം തിരിച്ചറിഞ്ഞ തിരക്കഥാകൃത്ത്. ജീവിതത്തിന്റെ രണ്ടറ്റത്ത് നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെ നിലവിലുള്ള നായകസങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുക വഴി, പാത്രസൃഷ്ടി സിനിമയുടെ വലിയ ഒരു ഭാഗമാണെന്ന് പത്മരാജന്‍ കുറിച്ചിട്ടു. മനുഷ്യന്റെ വികാര-വിചാരങ്ങളെ ശക്തമായി സ്പര്‍ശിച്ച് പടം വിട്ടിറങ്ങിയിട്ടും പത്മരാജന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരെ പിന്‍തുടര്‍ന്നെത്തി.

വര്‍ണങ്ങള്‍ വാരി വിതറിയ ചിത്രം ,ചിലപ്പോള്‍ വറ്റി വരണ്ട പുഴയ്ക്ക് സ്‌നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം , അതുമല്ലെങ്കില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരു മുറിവ് മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം , അങ്ങിനെ എന്തെക്കൊയോ ആയിരുന്നു മലയാളിക്ക് പദ്മരാജന്‍ സിനിമകള്‍.

മലയാള സിനിമയുടെ ഇതള്‍ കൊഴിയാത്ത വസന്തം ,മാനാവാനും മയിലാകാനും മേഘമാലകള്‍ ആകാനും നിമിഷാര്‍ത്ഥം വേണ്ടാത്ത ഗന്ധര്‍വ്വന്‍ കാലികമായ ഇസങ്ങള്‍ക്കപ്പുറം പച്ചയായജീവിതമാണ് കഥകളിലൂടെയും നോവലുകളിലൂടെയും തിരശ്ശീലയിലൂടെയും നമുക്ക് സമ്മാനിച്ചത്. സിനിമാക്കാരനെന്നതുപോലെ എഴുത്തുകരനെന്ന ലേബലും ഒരേപോലെ പതിച്ചുകിട്ടിയ അപൂര്‍വം പേരിലൊരാളായിരുന്നു അദ്ദേഹം.

മനുഷ്യാവസ്ഥകളുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക് ക്യാമറയെ തുറന്നുപിടിച്ചു അയാള്‍. ഗ്രാമീണതയുടേയും നാഗരികതയുടേയും അഴിഞ്ഞ മുഖങ്ങളിലൂടെ, മനുഷ്യാവസ്ഥയുടെ ഇരുട്ടുവീണ ഇടനാഴിയിലൂടെ ജീവിതത്തെ ആവിഷ്‌കരിച്ച എഴുത്തുകാരന്‍. നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിപ്പിച്ചത് പത്മരാജെന്റ രചനകളിലൂടെയായിരുന്നു. അത് കൊണ്ട് തന്നെ പത്മരാജനെ ഉള്‍ക്കൊള്ളാന്‍ പലരും പ്രയാസപ്പെട്ടു.

ഹൃദയത്തില്‍ തുളഞ്ഞ് കയറുന്ന മുള്ളുകളുടെ മൂര്‍ച്ച ഉണ്ടായിരുന്നു പ്രണയത്തിന്റെ രാജകുമാരെന്റ കഥകള്‍ക്ക്. കൂടുതല്‍ ജനങ്ങള്‍ കാണുന്ന സിനിമ നല്ല സിനിമ എന്ന ഇടുങ്ങിയ ചിന്താഗതിയിലേക്ക് തെന്നി വീഴാതെ, മധ്യവര്‍ത്തി സിനിമകളില്‍ തന്റേതായ ഒരു പാത വെട്ടിയുണ്ടാക്കി അദ്ദേഹം .

പ്രതിഭകള്‍ അകാലത്തില്‍ പൊലിഞ്ഞു പോകുന്നത് ഒരു പ്രതിഭാസമായിരിക്കണം . പദ്മരാജന്‍ മലയാള ചലച്ചിത്ര ലോകത്തു സൃഷ്ടിച്ച ഇടം പുന സ്ഥാപിക്കാന്‍ മറ്റൊരാള്‍ ഇനി കടന്നു വരില്ലെന്നറിയുമ്പോഴാണ് ആ വിടവ് നമുക്കു കൂടുതല്‍ ദൃശ്യമാകുന്നതും. കണ്ടും കേട്ടും മതിയായില്ലല്ലോ എന്ന് പറയാതെ പറഞ്ഞ്, മലയാള സിനിമ ഇന്നും കാത്തിരിക്കുന്നു ആ മാന്ത്രിക സ്പര്‍ശത്തിനായി, തിരികെ വരില്ലെന്ന് അറിഞ്ഞിട്ടും വിശ്വസിക്കാന്‍ കൂട്ടാക്കാതെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here