കരട് രാഷ്ട്രീയ പ്രമേയം എന്ത്? സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രണ്ടു വ്യക്തികളോ രണ്ടു വിഭാഗങ്ങളോ ഏറ്റുമുട്ടിയോ? പ്രകാശ് കാരാട്ട് വ്യക്തമാക്കുന്നു

ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ ചേരുന്ന സിപിഐ എം 22ാം പാര്‍ടി കോണ്‍ഗ്രസിലേക്കുള്ള കരട് രാഷ്ട്രീയപ്രമേയം ജനുവരി 19 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ചു. ഭൂരിപക്ഷ വോട്ടിനാണ് കരട് പ്രമേയം അംഗീകരിച്ചത് എന്നതിനാല്‍ മാധ്യമങ്ങളിലും രാഷ്ട്രീയകേന്ദ്രങ്ങളിലും അത് സജീവ ചര്‍ച്ചാവിഷയമായി.

കേന്ദ്ര കമ്മിറ്റി യോഗത്തിനുമുമ്പ്, പൊളിറ്റ്ബ്യൂറോ കരട് പ്രമേയവും ന്യൂനപക്ഷ കരട് പ്രമേയവും കേന്ദ്ര കമ്മിറ്റിക്കു മുമ്പില്‍ അവതരിപ്പിക്കുമെന്ന് അറിവായ ഘട്ടത്തില്‍ത്തന്നെ, മുഖ്യധാരാ മാധ്യമങ്ങളില്‍ നിരവധി റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെടുകയുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ടി എന്ന നിലയിലുള്ള സിപിഐ എമ്മിന്റെ പ്രവര്‍ത്തനരീതി അറിയാത്തതുകൊണ്ടോ അതല്ലെങ്കില്‍ ഈ അവസരം മുതലാക്കി പാര്‍ടിനേതൃത്വത്തെ മോശമാക്കി ചിത്രീകരിക്കാനായി വളച്ചൊടിച്ച വാര്‍ത്തകള്‍ നല്‍കുകയോ ആണ് പലരും ചെയ്തത്.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ, പ്രത്യേകിച്ചും കേരളത്തിലെയും പശ്ചിമ ബംഗാളിലെയും വാര്‍ത്തകളുടെ പൊതുസ്വഭാവം രണ്ട് കരട് പ്രമേയങ്ങള്‍ രണ്ട് ‘വിഭാഗങ്ങള്‍’ അവതരിപ്പിച്ചു എന്ന നിലയിലാണ്. ചിലവയാകട്ടെ നിലവിലുള്ള ജനറല്‍ സെക്രട്ടറിയും മുന്‍ ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള, അതായത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമായും ഇതിനെ ചിത്രീകരിച്ചു. തീര്‍ത്തും തെറ്റായതും അടിസ്ഥാനരഹിതവുമായ ചിത്രീകരണമാണിത്. ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ നാലതിരുകളില്‍നിന്നുകൊണ്ടുള്ള, വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളും സമീപനങ്ങളും സംബന്ധിച്ച ചര്‍ച്ചയെ, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കമായും വ്യക്തിപരമായ അഭിപ്രായവ്യത്യാസമായും ചുരുക്കിക്കാണിക്കുകയാണുണ്ടായത്. മറ്റൊരു പൊതുവായ തെറ്റിദ്ധാരണ കരട് രാഷ്ട്രീയപ്രമേയം എന്നത് പ്രധാനമായും ഊന്നുന്നത് 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അടവുകളെക്കുറിച്ചുള്ളതാണെന്നാണ്.

ഒരു കമ്യൂണിസ്റ്റ് പാര്‍ടിയെന്ന രീതിയില്‍ സിപിഐ എമ്മിന് ജനാധിപത്യകേന്ദ്രീകരണത്തിലും സംഘടനാ തത്വങ്ങളിലും അധിഷ്ഠിതമായ സവിശേഷമായ പ്രവര്‍ത്തനശൈലിയുണ്ട്. അതായത്, രാഷ്ട്രീയവും സംഘടനാപരവുമായ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കയും ചെയ്യാന്‍ കഴിയുംവിധം പാര്‍ടിയുടെ എല്ലാ പ്രധാന ഘടകങ്ങളിലും ഉള്‍പ്പാര്‍ടി ജനാധിത്യമുണ്ട്. രാഷ്ട്രീയവിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാം. ഒരു വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികള്‍ക്കോ അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ കമ്മിറ്റികളില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. തുറന്നതും സ്വതന്ത്രവുമായ ചര്‍ച്ചയ്ക്കുശേഷം കമ്മിറ്റി ഒരു തീരുമാനം കൈക്കൊള്ളും. തീരുമാനം കൈക്കൊള്ളുന്നതിന് ആവശ്യമെങ്കില്‍ വോട്ടെടുപ്പുമാകാം. എന്നാല്‍, ഭൂരിപക്ഷ തീരുമാനമായിരിക്കും കമ്മിറ്റിയുടെ പൊതുവായ തീരുമാനം.

ഒരു രാഷ്ട്രീയപ്രശ്‌നത്തെക്കുറിച്ച് ഒരു കമ്മിറ്റിക്കകത്തുള്ള ഭൂരിപക്ഷ വീക്ഷണത്തെയും ന്യൂനപക്ഷ വീക്ഷണത്തെയും രണ്ട് വിഭാഗങ്ങളുടേതായി കാണുന്നത് ശരിയല്ല. പാര്‍ടി ഭരണഘടനയനുസരിച്ച് വിഭാഗീയപ്രവര്‍ത്തനവും വിമതഗ്രൂപ്പുകളുടെ രൂപീകരണവും അനുവദനീയമല്ല. പാര്‍ടിയുടെ കൂട്ടായ തീരുമാനത്തെ ആരാണോ ലംഘിക്കുന്നത് അവരെയാണ് വിഭാഗീയപ്രവര്‍ത്തകരായി കാണുന്നത്.

ഇപ്പോഴത്തെ വിഷയമിതാണ്. പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയപ്രമേയത്തിന് അന്തിമരൂപം നല്‍കുന്നതിന് കേന്ദ്ര കമ്മിറ്റി ചര്‍ച്ച നടത്തി. പാര്‍ടി ഭരണഘടന കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ ഉത്തരവാദിത്തമാണിത്. പാര്‍ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന് രണ്ടുമാസംമുമ്പുതന്നെ കരട് രാഷ്ട്രീയപ്രമേയം പുറത്തിറക്കാനുള്ള ഉത്തരവാദിത്തവും പാര്‍ടി ഭരണഘടന കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. കരട് രാഷ്ട്രീയപ്രമേയത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പാര്‍ടി ഘടകങ്ങള്‍ക്കും അംഗങ്ങള്‍ക്കും സമയം ലഭ്യമാക്കുന്നതിനാണിത്. പാര്‍ടി ഘടകങ്ങള്‍ക്കും അംഗങ്ങള്‍ക്കും കരട് രാഷ്ട്രീ യപ്രമേയത്തിന്മേലുള്ള ഭേദഗതികള്‍ കേന്ദ്ര കമ്മിറ്റിക്ക് നേരിട്ട് അയക്കാനുള്ള അധികാരവും ഭരണഘടന നല്‍കുന്നുണ്ട്. ഈ ഭേദഗതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പാര്‍ടി കോണ്‍ഗ്രസിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യും.

കഴിഞ്ഞ നാല് മാസമായി പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും കരട് രാഷ്ട്രീയപ്രമേയം തയ്യാറാക്കുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു. കരട് തയ്യറാക്കുന്നതിന് സ്വാഭാവികമായും എടുക്കുന്ന സമയമാണിത്. പാര്‍ടി കോണ്‍ഗ്രസിന് രണ്ട് മാസംമുമ്പ് അത് പുറത്തിറക്കുകയും വേണം. പാര്‍ടി കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിച്ചാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയമാണ് കരട് രാഷ്ട്രീയപ്രമേയം മുന്നോട്ടുവയ്ക്കുന്നത്.

പാര്‍ടി കോണ്‍ഗ്രസ് നടക്കുമ്പോഴേക്കും മോഡി സര്‍ക്കാര്‍ അധികാരമേറിയിട്ട് ഏതാണ്ട് നാല് വര്‍ഷമാകും. രാജ്യത്തിന്റെ അധികാരം ബിജെപിആര്‍എസ്എസ് കൈയാളാന്‍ ആരംഭിച്ചതോടെ ഗുരുതര പ്രത്യാഘാതങ്ങളാണ് രാജ്യത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഈ ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിനുള്ള രാഷ്ട്രീയ അടവുനയം രൂപീകരിക്കുന്നതിനുള്ള ഗൗരവമായ ചര്‍ച്ചയില്‍ പൊളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ഏര്‍പ്പെട്ടത് സ്വാഭാവികം. ബിജെപിയെ രാഷ്ട്രീയമായും ആശയപരമായും എതിരിടാനും മോഡി സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിന് ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിനുമുള്ള രാഷ്ട്രീയ അടവു നയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

ബിജെപിയെ നേരിടുന്നതിന് ഫലപ്രദമായ ഒരു ഐക്യം കെട്ടിപ്പടുക്കണമെന്ന മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹത്തിന്റെ ഫലമായാണ് സിപിഐ എം എന്ത് രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്ന താല്‍പ്പര്യവും ഉല്‍ക്കണ്ഠയും ഉയരുന്നത്. ഈ ഉല്‍ക്കണ്ഠയും താല്‍പ്പര്യവും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായിരിക്കും പാര്‍ടി കോണ്‍ഗ്രസ് സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ അടവുനയം. ഈ രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ആവശ്യമായ മൂര്‍ത്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഇല്ലാതെതന്നെ ബിജെപിക്കും അവരുടെ സഖ്യത്തിനുമെതിരെ കൂടുതല്‍ വോട്ട് പോള്‍ ചെയ്യാന്‍ സഹായിക്കുന്നതായിരിക്കും ആ രാഷ്ട്രീയനയം.

സിപിഐ എമ്മിന്റെ രാഷ്ട്രീയനയത്തെ വിമര്‍ശിക്കുന്നവര്‍ പാര്‍ടി സ്വന്തമായി ശക്തിപ്പെടരുതെന്നും അതിന്റെ ബലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കരുതെന്നും ആഗ്രഹിക്കുന്നവരാണ്. ഇക്കൂട്ടരുടെ വിമര്‍ശം തെറ്റാണെന്ന് തെളിയിക്കപ്പെടും.

കരട് രാഷ്ട്രീയപ്രമേയം സംബന്ധിച്ച ഉള്‍പ്പാര്‍ടി ചര്‍ച്ചകളുടെ പ്രക്രിയ ഏപ്രില്‍ 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ ചേരുന്ന പാര്‍ടി കോണ്‍ഗ്രസില്‍ പൂര്‍ത്തിയാക്കുകയും ഒരു തീരുമാനത്തിലെത്തുകയും ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍നിന്നും ബഹുജനസംഘടനകളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. പാര്‍ടിയുടെ ഏറ്റവും പരമോന്നത ഘടകം പാര്‍ടി കോണ്‍ഗ്രസാണ്. അതില്‍ പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കും കരട് രാഷ്ട്രീയ പ്രമേയത്തെക്കുറിച്ച് അഭിപ്രായം പറയാനും മാറ്റം നിര്‍ദേശിച്ച് ഭേദഗതി അവതരിപ്പിക്കാനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്ത് രാഷ്ട്രീയപ്രമേയം അംഗീകരിച്ചുകഴിഞ്ഞാല്‍ അതായിരിക്കും പാര്‍ടിയുടെ രാഷ്ട്രീയ അടവു നയം. വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റിവച്ച് പാര്‍ടിയുടെ ഒരോ അംഗവും ജനാധിപത്യകേന്ദ്രീകരണമെന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയനയം നടപ്പാക്കുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമാണ്.

ഇതോടെ പാര്‍ടിയിലെ ‘പ്രതിസന്ധിയെക്കുറിച്ചും’ വിഭാഗീയ തര്‍ക്കങ്ങളെയും അഭിപ്രായവ്യത്യാസങ്ങളെയും കുറിച്ചുമുള്ള അടിസ്ഥാനരഹിതവും വന്യവുമായ ഊഹാപോഹങ്ങള്‍ക്ക് അന്ത്യമാകും.

ആരോഗ്യകരമായ ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെയും കേന്ദ്രീകൃത അച്ചടക്കത്തിന്റെയും അഭിമാനാര്‍ഹമായ പാരമ്പര്യമുള്ള പാര്‍ടിയാണ് സിപിഐ എം. 22ാം പാര്‍ടി കോണ്‍ഗ്രസും ഉന്നതമായ ഈ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുകതന്നെ ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here