ഇടമലക്കുടിയിലെ സ്തുത്യര്‍ഹ സേവനത്തിന് നിയമപാലകര്‍ക്ക് അംഗീകാരം

സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ സ്തുത്യര്‍ഹ സേവനത്തിന് നിയമപാലകര്‍ക്ക് അംഗീകാരം. ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച നാല് പേര്‍ക്കാണ് പൊലീസ് വകുപ്പിന്റെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്

പൊതു സമൂഹത്തില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട് ഉള്‍വനത്തില്‍ കഴിയുന്ന മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനത്തിനാണ് എസ്‌ഐ എഎം ഫക്രുദ്ദീന്‍, എഎസ്‌ഐ വികെ മധു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ എബി ഖദീജ,കെഎം ലൈജാമോള്‍ എന്നിവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.

കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇമലക്കുടിയിലെത്തുക എന്നത് ഏറെ ദുഷ്‌കരമാണ്. മൂന്നാറില്‍ നിന്ന് 34 കിലോ മീറ്റര്‍ വനത്തിലേക്കും, അവിടെ നിന്ന് 16 കിലോ മീറ്റര്‍ വാഹനത്തിലും തുടര്‍ന്ന് 17 കിലോ മീറ്റര്‍ ദുര്‍ഘട പാതയില്‍ കാല്‍ നടയായും സഞ്ചരിച്ച് വേണം ഇടമലക്കുടിയിലെത്താന്‍. ഇത്രയും ദൂരം താണ്ടി ഇവിടെ 28 കോളനികളിലായി വസിക്കുന്ന ആയിരത്തോളം കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഒരുക്കിയതാണ് നാലംഗ സംഘത്തെ അംഗീകാരത്തിന് അര്‍ഹരാക്കിയത്.

കാടിന്റെ മക്കളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് വകുപ്പിന്റെ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2012ലാണ് ഇടമലക്കുടിയില്‍ ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദിവാസികളുടെ വിവര ശേഖരണം, മദ്യത്തിനും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നിനും എതിരായ പ്രവര്‍ത്തനങ്ങള്‍, അവരെ നിയമ ബോധമുള്ളവരാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ട്രൈബല്‍ പൊലീസ് ഓഫീസര്‍മാരായ ഇവര്‍ നിര്‍വഹിച്ചുവരുന്നത്.

അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഇവര്‍ക്കുള്ള പുരസ്‌കാരം സമ്മാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News