ന്യൂഡല്‍ഹി: ഇത്തവണ ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ അതിഥികളായെത്തുന്നതു 10 രാഷ്ട്രത്തലവന്മാര്‍. ആസിയന്‍ അംഗരാജ്യങ്ങളിലെ പത്ത് രാഷ്ട്ര ഭരണത്തലവന്മാരാണ് മുഖ്യാതിഥികളാവുക. റിപ്പബ്ലിക് ദിനാഘോഷവും വിദേശരാഷ്ട്രനേതാക്കളുടെ വരവും പ്രമാണിച്ച് ഡല്‍ഹിയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു.

റിപ്പബ്ലിക് ദിന പരേഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഇത്രയേറെ രാഷ്ട്രത്തലവന്മാരെ ഒരുമിച്ചു ക്ഷണിക്കുന്നത്. മ്യാന്മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോ, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീസീന്‍ ലൂങ്, വിയത്‌നാം പ്രധാനമന്ത്രി എന്‍ഗുയെന്‍ ഷുവാന്‍ഫൂക്ക്, മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക്, തായ്‌ലന്‍ഡിലെ ജനറല്‍ പ്രയൂത് ച ഓച്ച, ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദ്യൂദേര്‍ത്, ബ്രൂണോ സുല്‍ത്താന്‍ ഹസനല്‍ ബോള്‍ക്കിയ, ലാവോസ് പ്രധാനമന്ത്രി തൊംഗ്ലൂണ്‍ സിസൗലിത്ത്, കംബോഡിയ പ്രധാനമന്ത്രി ഹൂന്‍ സെന്‍ എന്നിവരാണ് റിപ്പബ്ലിക്ദിനപരേഡിലെ മുഖ്യാതിഥികള്‍.

ഇന്ത്യ ആസിയന്‍ ബന്ധത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് പ്രത്യേക ഉച്ചകോടി ചേരും. ‘പങ്കിടുന്ന മൂല്യങ്ങള്‍, പൊതുവായ ഭാഗധേയം’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ചാണക്യപുരി താജ് ഹോട്ടലിലാണ് ആസിയന്‍ പ്ലീനറി സമ്മേളനം.സമ്മേളനത്തിന്റെ സ്മാരകമായി സ്റ്റാമ്പുകളും പുറത്തിറക്കും. സുരക്ഷാസംവിധാനം ശക്തമാക്കിയതിനുപുറമെ ഡല്‍ഹിയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തി.