മലയാളത്തിന്റെ കല്‍പ്പനക്കാലം ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം

മലയാളത്തിന് ഇപ്പോഴുംപൊരുത്തപ്പെടാനായിട്ടില്ല. സിനിമാപ്രേമികളെ ഒന്നടക്കം തന്റെ ചിരിച്ചരടില്‍ കോര്‍ത്തിണക്കിയ കല്‍പ്പനക്കാലത്തിന്റെ നിഷ്‌കളങ്കഹാസ്യമായിരുന്ന കല്‍പ്പനാചാതുര്യത്തിന്റെ വേര്‍പാടിനോട്. മലയാളിയെ ചിരിപ്പിക്കുകയെന്ന അതിഭയങ്കരമായ സാഹസം അവരുടെ കൈകളില്‍ ഭദ്രമായിരുന്നു.

നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ എത്രയോ !. ഹാസ്യം ഇത്രത്തോളം തന്‍മയത്വത്തോടെ അവതരിപ്പിച്ച നായികമാര്‍ മലയാളത്തില്‍ അധികമില്ല. മലയാളിയുടെ നായികാ സങ്കല്‍പത്തിന് പറ്റുന്ന ശരീരപ്രകൃതിയായിരുന്നില്ല കല്‍പ്പനയ്ക്ക്.

താന്‍ സുന്ദരിയല്ല എന്ന് അവര്‍ തന്നെ പറയുമായിരുന്നു. എന്നാല്‍ പാവത്തുങ്ങള്‍ക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലെ തമ്പുരാനെയെന്ന് കല്‍പ്പന പറഞ്ഞുവച്ചത് ഇന്നുംപ്രേക്ഷകര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. സൗന്ദര്യത്തിനപ്പുറം ആ മുഖത്ത് ഹാസ്യഭാവങ്ങള്‍ മിഴിവാര്‍ന്ന് നിന്നു. അതിനൊത്ത ശബ്ദവിന്യാസങ്ങളോടെ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് അവര്‍ പകര്‍ന്നാട്ടം നടത്തി.

പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും, ഡോ.പശുപതിയിലെ യുഡിസി കുമാരിയും കാബൂളിവാലയിലെ ചന്ദ്രികയും പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പൊന്നമ്മയും കല്‍പ്പനയ്ക്ക് മാത്രം യാതാര്‍ത്ഥമാക്കാന്‍ സാധിച്ച കഥാപാത്രങ്ങളായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമി!ഴിലും തെലുങ്കിലും കന്നടയിലും കല്‍പ്പന തിളങ്ങി നിന്നു.

കേരളാ കഫേയിലും തനിച്ചല്ല ഞാനിലും ഇന്നോളം പരിചിതമല്ലാത്ത ഒരു കല്‍പ്പനയെയാണ് ആസ്വാദകര്‍ കണ്ടത്. എംടിയും അരവിന്ദനും തുടങ്ങി മികച്ച സംവിധായകര്‍ കല്‍പ്പനയുടെ അഭിനയസപര്യയെ വെളളിത്തിരക്ക് പകര്‍ന്നു നല്‍കി. ഇത്രയും നിഷ്‌കളങ്കമായി ചിരിക്കാനറിയാവുന്ന മനുഷ്യര്‍ തന്നെ വിളരമാണ് .

തൊണ്ണൂറുകളിലെ ജഗതി കല്‍പ്പന ജോഡിയുടെ ഹാസ്യ രംഗങ്ങള്‍ മറക്കാനാവില്ല.മലയാളത്തെ ഇത്രമേല്‍ സുന്ദരമായി ഹാസ്യത്തിന്റെ വെള്ളിരേഖയില്‍ കെട്ടിയിട്ട മറ്റൊരു ജോഡിവേറെയില്ല. മലയാളിക്ക് ഒരു നേര്‍ത്ത ചിരിയോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയാത്ത മുഖമാണ് കല്‍പ്പനയുടേത്.കടലാഴങ്ങളിലേക്ക് നീന്തിപ്പോയ ക്വീന്‍മേരിയെപ്പെലെ പെട്ടന്നൊരു നിമിഷം പ്രപഞ്ചത്തിന്റെ അപാരതയിലേക്ക് മലയാളത്തിെന്റ മനോരമ അപ്രത്യക്ഷമായിയുന്നു.

വിടരുന്ന മൊട്ടായി തുടങ്ങി ആ അഭിനയസപര്യ ചാര്‍ളിയില്‍ അവസാനിച്ചപ്പോള്‍ മലയാളത്തിന് നഷ്ടമായത് മലയാള സിനിമാ തറവാട്ടിലെ ചിരിയുടെ തമ്പുരാട്ടിയെയാണ്.മലയാളികള്‍ ഇന്നോളം ആ വേര്‍പാടിനോട് പൊരുത്തപ്പെട്ടിട്ടില്ലെന്നതാണ് നേര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News