‘ആദി’ കണ്ട് മോഹന്‍ലാല്‍ പറഞ്ഞത്

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്ന ആദി പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹന്‍ലാലിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം തീയറ്ററുകളിലെത്തിയ ജനുവരി 26 നാണ് മകന്‍ പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവും.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും വിതരണവും ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ്, മാക്സ് ലാബ് എന്നിവയ്ക്കാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ മനോഹരമാക്കാന്‍ പ്രണവ് നേരത്തേ പാര്‍ക്കൗര്‍ പരിശീലനം നടത്തിയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

സിദ്ധിഖ് അനുശ്രീ, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍, ലെന എന്നിവരും പ്രണവിനൊപ്പം തകര്‍ത്തഭിനയിച്ചിട്ടുണ്ട്. പ്രണവിന്റ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലറും ഗാനവും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം നാളെ റിലീസിനിരിക്കെ ചിത്രം കണ്ട മോഹന്‍ലാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഒടുവില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രിവ്യു കണ്ട ലാലേട്ടന്‍ വളരെ ഹാപ്പിയാണ്. ലാലേട്ടന്‍ ഒരു ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചു. ആ ഉത്തരവാദിത്വം വളരെ വലുതും ആയിരുന്നു. കാരണം, ഒരു നടന്‍ എന്ന നിലയിലുള്ള പ്രണവിന്റെ കഴിവുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എനിക്കുണ്ടായിരുന്നു.

അത് നന്നായി തന്നെ നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. സിനിമ നന്നായി എന്നാണ് ലാലേട്ടന്‍ എന്നോട് പറഞ്ഞതെന്നും ജിത്തു വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News