തിരുവിതാംകൂര്‍ ദേവസ്വം ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവച്ചു; പ്രയാറിന്റേയും അജയ് തറയിലിന്റെയും ഹര്‍ജി തള്ളി; ‘കാലാവധി തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്’

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ഓര്‍ഡിനന്‍സ് ഹൈക്കോടതി ശരിവെച്ചു. കാലാവധി വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ അംഗം അജയ് തറയിലും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ദേവസ്വം ബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്ന് രണ്ടു വര്‍ഷമായി വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഓര്‍ഡിനന്‍സില്‍ നിയമ വിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തിയ കോടതി സംസ്ഥാന സര്‍ക്കാരിന്റെ നടപടി ശരിവെച്ചു.

കാലാവധി തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. കാലാവധി തീരുംമുന്‍പ് പിരിച്ചുവിട്ടതാണെന്ന വാദവും കോടതി തള്ളി. കാലാവധി പുതുക്കിയപ്പോള്‍ അംഗത്വം നഷ്ടമായതാണ്.

1949ല്‍ തിരുക്കൊച്ചി തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ കരാര്‍പ്രകാരം തങ്ങള്‍ക്കു തുടരാം എന്നായിരുന്നു ഇരുവരുടെയും വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഭരണഘടന നിലവില്‍ വന്നതോടെ ഈ ഉടമ്പടിക്ക് നിലനില്‍പ്പില്ലാതായെന്ന് കോടതി വ്യക്തമാക്കി.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ എല്ലാ അധികാരങ്ങളും ഉണ്ട്. സ്ഥാപിത താല്‍പര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇതേ ഹര്‍ജിക്കാര്‍ മുന്‍പ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്ന് കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേട്ടശേഷമാണ് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News