ബിനോയി കോടിയേരിക്കെതിരെ കേസുകളൊന്നുമില്ലെന്ന് ദുബായ് പൊലീസ്; സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിക്കെതിരെ ദുബായില്‍ യാതൊരുവിധ കേസുകളും നിലവില്‍ ഇല്ലെന്ന് ദുബായ് പൊലീസ്.

ജനുവരി 25ന് ദുബായ് പൊലീസ് പ്രസിദ്ധീകരിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിലാണ് ബിനോയിക്കെതിരെ ഇതുവരെ കേസുകളോ പരാതികളോ നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. ദുബായ് പൊലീസ് കുറ്റാന്വേഷണവിഭാഗമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരിക്കുന്നത്.

തനിക്കെതിരെ യാതൊരുവിധ കേസുകളും നിലനില്‍ക്കുന്നില്ലെന്ന് ബിനോയിയും മകനെതിരായ വാര്‍ത്തകള്‍ തെറ്റാണെന്നും കേസുകളുണ്ടെന്ന വാദം തെറ്റാണെന്ന് കോടിയേരി ബാലകൃഷ്ണനും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ദുബായ് പൊലീസ് നടപടി. ബിനോയിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതിനുപിന്നില്‍ വന്‍ ഗൂഢാലോചന ഉണ്ടായതായി സൂചനയുണ്ടായിരുന്നു.

ബിനോയിയുടെ പേരില്‍ ദുബായില്‍ തട്ടിപ്പുകേസും യാത്രാനിരോധനവും ഉണ്ടെന്ന വ്യാജവാര്‍ത്ത ചമയ്ക്കുകയും തുടര്‍ന്ന് അതിന്റെ പേരില്‍ ദേശീയാടിസ്ഥാനത്തില്‍തന്നെ വന്‍തോതില്‍ ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തതിനുപിന്നില്‍ സിപിഐഎമ്മിനെ വേട്ടയാടുകയെന്ന ഗൂഢലക്ഷ്യം മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

ബിനോയിക്കെതിരെ അഞ്ച് കേസുണ്ടെന്നും 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്നും വരെ മാധ്യമങ്ങള്‍ കഥ മെനഞ്ഞു. എന്നാല്‍, ബിനോയിക്കെതിരെ യുഎഇയില്‍ ഒരിടത്തും ഒരു കേസും നിലവിലില്ല എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ബിനോയിക്കെതിരായ സര്‍ക്കാരിന് മുന്‍പില്‍ ആരും പരാതിയുമായി എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് നിയമസഭയില്‍ പറഞ്ഞു.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാകില്ലെന്നും ആരോപണം സര്‍ക്കാരിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News