പ്രതാപത്തില്‍ നിന്ന് പടുകു‍ഴിയിലേക്ക്; 635 കോടി ആസ്തിയുണ്ടായിരുന്ന ഇതിഹാസതാരം ബെക്കര്‍ പാപ്പരായി; കാരണം മറ്റൊന്നുമല്ല; ഇപ്പോള്‍ ആരാധകരുടെ കരുണ തേടുന്നു

ബൂം ബൂം ബോറിസ് ബെക്കറിനെ ടെന്നീസ് പ്രേമികള്‍ അത്രെ പെട്ടെന്ന് മറക്കാനിടയില്ല. 1985ല്‍ മിന്നല്‍ പിണര്‍ പോലെ ഏയ്സുകള്‍ പായിച്ച് പ്രമുഖന്‍മാരെ തോല്‍പ്പിച്ച് വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ട 17കാരനായ ജര്‍മന്‍കാരന്‍. ഒരു പതിറ്റാണ്ട് ടെന്നീസ് കോര്‍ട്ടുകള്‍ അടക്കിവാണ ഈ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

മൂന്നാം തവണയും പാപ്പരായ ബോറിസ് ബെക്കര്‍ തന്‍റെ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് മെഡലും ഡേവിസ് കപ്പ് മെഡലും കണ്ടെത്താന്‍ സഹായമാവശ്യപ്പെട്ട് ജനങ്ങളിലേക്കെത്തി. നേടിയ ആറു ഗ്രാൻഡ് സ്ളാം ട്രോഫികളിൽ അഞ്ചും ഒളിമ്പിക് സ്വർണ മെഡലും കണ്ടെത്താനാണ് ബെക്കര്‍ ആരാധകരുടെ സഹായം തേടുന്നത്.

ബെക്കറിന് നഷ്ടപ്പെട്ടത് എന്തെല്ലാമെന്ന് നോക്കുക. 1985 ,86 ,89 വര്‍ഷങ്ങളിലെ വിംബിൾഡൺ ട്രോഫികള്‍, 1991 ,96 വര്‍ഷങ്ങളിലെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം, പിന്നെ 1989 ലെ ഡേവീസ് കപ്പ്, 1992 ലെ ഒളിമ്പിക് സ്വർണ്ണമെഡൽ. 1989ല്‍ നേടിയ യു എസ് ഓപ്പണ്‍ കിരീടം മാത്രം ഇപ്പോള്‍ ബെക്കറിന്‍റെ കൈവശമുണ്ട്.

ബൂം ബൂം ബെക്കര്‍ പാപ്പരാകുന്നത് ഇതാദ്യമായല്ല. മുന്‍പ് രണ്ട് തവണ പാപ്പരായപ്പോള്‍ ബെക്കറിന്‍റെ രക്ഷയ്ക്കെത്തിയത് ജർമൻ ടെന്നീസ് ഫെഡറേഷനും സ്പോർട്സ് പ്രസിദ്ധീകരണങ്ങളും ചാനലുകളുമായിരുന്നു.

കളിക്കളത്തില്‍ നിന്ന് സമ്പാദിച്ച നൂറ് മില്യന്‍ ഡോളറുകളിലേറെയും സ്ത്രീകള്‍ക്ക് വേണ്ടി കളഞ്ഞുകുളിച്ചാണ് ബെക്കര്‍ പാപ്പരായത്.

ഇത്തവണ സഹായിക്കാന്‍ ടെന്നീസ് ഫെഡറേഷനോ സ്പോട്സ് മാഗസിനുകളോ ഇല്ലെന്ന തിരിച്ചറിവാണ് അമ്പതുകാരനായ ബെക്കറിനെ പ‍ഴയ കിരീടങ്ങള്‍ ലേലത്തില്‍ വിറ്റ് കടം വീട്ടാന്‍ പ്രേരിപ്പിച്ചത്. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഈ അമൂല്യങ്ങളായ ട്രോഫികള്‍ എവിടെയെന്ന് ബെക്കര്‍ക്ക് അറിയില്ലെന്ന് മാത്രം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here