കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു; കാട്ടാന ശല്യം തടയാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തം

പാലക്കാട്: പുതുശ്ശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജനകീയ പ്രതിഷേധം. കാട്ടാന ശല്യം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ DFO ഓഫീസ് ഉപരോധിച്ചു.

കാട്ടാനയുടെ ആക്രമണത്തില്‍ പുതുശ്ശേരി ആറങ്ങോട്ടുകുളമ്പില്‍ ചെങ്കല്‍ ചൂളയിലെ തൊഴിലാളിയായ തമിഴ്‌നാട് സേലം സ്വദേശി ബീബീജാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ DFO ഓഫീസ് ഉപരോധിച്ചത്.

കാടിറങ്ങിയ കാട്ടാനകളെ കാട്കയറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കാട്ടാന ശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ സോളാര്‍ വൈദ്യുത വേലിയുള്‍പ്പെടെയുള്ള സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് മലമ്പുഴ, മരുത റോഡ്, പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമാരും ഉപരോധ സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് DFO നേരിട്ടെത്തി അടിയന്തിര നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കാടിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും ജനകീയ കമ്മറ്റി രൂപീകരിച്ച് വൈദ്യുതി വേലി നിര്‍മിക്കുന്നതിനുള്ള കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്നാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയിരിക്കുന്നത്.

കൊല്ലപ്പെട്ട ബീബിജാന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടെ പുതുശ്ശേരി, മലമ്പുഴ പ്രദേശങ്ങളില്‍ അഞ്ച് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here