ഗെയില്‍ സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രയോജനകരം; പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ജനങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുത്തുള്ള ഗെയില്‍ പൈപ്പുലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തെറ്റിദ്ധാരണകളും വ്യാജപ്രചാരണങ്ങളും ദൂരീകരിക്കുന്നതിന് വ്യാപകമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ചില തല്‍പ്പരകക്ഷികളും സംഘടനകളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പി ഉബൈദുള്ളയുടെ ഉപക്ഷേപത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന സുപ്രധാനമായ പദ്ധതിയാണിത്. എറണാകുളംമുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലയിലൂടെ കടന്നുപോകുന്ന പൈപ്പുലൈനിന്റെ അലൈന്‍മെന്റ് പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളിലൂടെയാണ് 2011ല്‍ നിശ്ചയിച്ചത്. കേരളം പോലെയുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് ജനവാസമേഖല പൂര്‍ണമായും ഒഴിവാക്കുക പ്രായോഗികമല്ല.

നിയമവ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിച്ച് നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണസുരക്ഷ ഉറപ്പാക്കിയാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. ജനവാസമേഖലയിലൂടെ പൈപ്പുലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ഉദാരമായ സമീപനമാണ് സ്വീകരിച്ചത്.

എതിര്‍പ്പുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും വ്യവസായമന്ത്രിയുടെയും നേതൃത്വത്തില്‍ വിവിധതലങ്ങളില്‍ യോഗം വിളിച്ചുചേര്‍ക്കുകയും പ്രധാന രാഷ്ട്രീയ പാര്‍ടികളെല്ലാം പദ്ധതിക്ക് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

പത്ത് സെന്റോ അതിനു താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്നും കണ്ണൂര്‍ ജില്ലയില്‍ നിശ്ചയിച്ചപ്രകാരം നെല്‍വയലുകളുടെ നഷ്ടപരിഹാരത്തിനു പുറമെ സെന്റിന് 3761 രൂപ നിരക്കിലുള്ള പ്രത്യേക നഷ്ടപരിഹാരം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പത്ത് സെന്റോ അതിനു താഴെ മാത്രം ഭൂമിയുള്ളവരുടെ പൈപ്പുലൈന്‍ ഇടാന്‍ ഉപയോഗിക്കുന്ന സ്ഥലം വെറും രണ്ട് മീറ്ററായി ചുരുക്കും. വീടുകള്‍ സംരക്ഷിക്കപ്പെടുകയും ഭാവിയില്‍ വീടുവയ്ക്കത്തക്ക രീതിയില്‍ അലൈന്‍മെന്റ് ഒരു വശത്തുകൂടി രണ്ടു മീറ്റര്‍ വീതിയില്‍ മാത്രമായും ക്രമപ്പെടുത്തും. ബാക്കിയുള്ള സ്ഥലത്തിന് വീട് വയ്ക്കാനുള്ള സ്ഥലം അടയാളപ്പെടുത്തി അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ഭൂരേഖ ഉടമകള്‍ക്ക് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here