കാടും മലയും കടന്ന് പത്മശ്രീ; പത്മപ്രഭയില്‍ കേരളാ എക്സ്പ്രസിലെ ജീവിതങ്ങള്‍

കല്ലാറിന്‍റെ കരയില്‍ പൊന്മുടിയുടെ മലയാടിവാരത്തെ നിബിഡ വനപ്രകൃതിയിലേക്കും ഇത്തവണ പത്മശ്രീയെത്തി. എ‍ഴുപത്തിയാറുകാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യത്തിന്‍റെ പരമോന്നത ആദരം ലഭിക്കുമ്പോള്‍ നൂറ്റാണ്ടുകളായി ഒരു ജനത പരിപാലിച്ചു പോന്ന നാട്ടുവൈദ്യവും കാട്ടുവൈദ്യവുമാണ് ഇവിടെ അംഗീകരിക്കപ്പെടുന്നത്.

ആദിവാസി വിഷവൈദ്യത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയെ കടത്തിവെല്ലാന്‍ കേരളത്തില്‍ ഇന്ന് മറ്റൊരു പേരില്ല. മെഡിക്കല്‍ കേളേജില്‍ നിന്നു വരെ പാമ്പ് ക‍ടിയേറ്റ് മരണാസന്നരായി കൈയ്യൊ‍ഴിഞ്ഞവരെ ലക്ഷ്മിക്കുട്ടിയമ്മ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ട്.

ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും പ്രഹേളികയായ ഒട്ടനവധി മാറാവ്യാധികള്‍ക്ക് ഈ അമ്മയുടെ കൈയ്യില്‍ ഒറ്റമൂലിയുണ്ട്.

അവരുടെ കാട്ടറിവുകളുടെ അതിവിപുലമായ സ്മൃതിശേഖരങ്ങള്‍ തുറന്നാല്‍ നമ്മള്‍ അറിയാതെ കൈതൊ‍ഴുതു പോവും. ആതുരശുശ്രൂഷയുടെ അതിപുരാതനമായൊരു പാരമ്പര്യമാണ് കല്ലാറിന്‍റെ ഒരു കൈവ‍ഴിപോലെ ഇവിടെ ഒ‍ഴുകിപ്പരക്കുന്നത്.

വിതുര പൊന്മുടി റോഡില്‍ കല്ലാര്‍ചെക്ക് പോസ്റ്റും കടന്ന് ഈ വിനീതമായ കാണിക്കുടിലിലേക്ക് പത്മശ്രീക്കും മുമ്പേ നിരവധി അന്താരാഷ്ടപുരസ്ക്കാരങ്ങള്‍ ഈ മരുന്ന് മുത്തശ്ശിയെ തേടിയെത്തിയിട്ടുണ്ട്. ജര്‍മ്മനിയിലും ഓസ്ട്രേലിയയിലും വരെ ഈ അദിവാസിയമ്മൂമ്മയ്ക്ക് ശിഷ്യകളുണ്ട്. അഞ്ഞൂറിലേറെ മരുന്നുകളുടെ കുറിപ്പടി അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നു. എത്രയോ വിഷദംശനത്തിന്‍റെ ദംഷ്ട്രകള്‍ അമ്മ പൂപോലെ പുറത്തെടുത്തിരിക്കുന്നു.

ക‍ഴിഞ്ഞ ജൂണ്‍ മാസത്തില്‍ മ‍ഴപെയ്ത് കല്ലാര്‍ നിറഞ്ഞൊ‍ഴുകുന്ന നാളുകളിലാണ് ഞങ്ങള്‍ കേരളാ എക്സ്പ്രസിന്‍റെ ക്യാമറയുമായി ലക്ഷ്മിക്കുട്ടിയമ്മയുടെ കുടിലിലെത്തിയത്. ഏക മകനെ കാട്ടാന ചവിട്ടിക്കൊന്നതിന് ശേഷം ഏകാന്തമാണ് അവരുടെ ജീവിതം. ഒരു ദിവസം മു‍ഴുവന്‍ അവര്‍ക്കൊപ്പം ഞങ്ങള്‍ കാട്ടിലലഞ്ഞു. കേരളാ എക്സ്പ്രസിന്‍റെ മരുന്നമ്മ എന്ന എപ്പിസോഡ് അങ്ങനെയാണ് സംഭവിച്ചത്. ആദ്യമായാണ് ഒരു ടെലിവിഷന്‍ കാമറക്ക് മുന്നില്‍ അവര്‍ തന്‍റെ ജീവിതം തുറക്കുന്നത്. ആദിവാസി അവഗണനയുടെ ചിരപുരതനമായ നിരവധി സങ്കടങ്ങള്‍ ഞങ്ങള്‍ കേട്ടു.

ക‍ഴിഞ്ഞ വര്‍ഷം കളരിപ്പയറ്റിലെ ആണ്‍കുത്തക തകര്‍ത്ത മീനാക്ഷിഗുരുക്കള്‍ക്കും പത്മശ്രീ ലഭിച്ചിരുന്നു. കേരളാ എക്സ്പ്രസിന്‍റെ മീനാക്ഷിപ്പയറ്റ് എന്ന എപ്പിസോഡിലൂടെയായിരുന്നു കേരളം മീനാക്ഷിഗുരുക്കളുടെയും ജീവിതം കേട്ടത്.

ഈ പരിപാടിയുടെ ആദ്യകാല എപ്പിസോഡായ `കളിയച്ഛ‍’നിലെ ഗുരു ചേമഞ്ചേരിയും ക‍ഴിഞ്ഞ വര്‍ഷം പത്മശ്രീലാളിതനായ പ്രതിഭകളിലൊരാളാണ്. മുഖ്യധാരാ കേരളം അധികമൊന്നും ശ്രദ്ധകൊടുക്കാത്ത മനുഷ്യരിലൂടെയുള്ള കേരളാ എക്സ്പ്രസിന്‍റെ യാത്രയിലെ നാ‍ഴികക്കല്ലുകളാണ് ഈ പത്മാ അവാര്‍ഡുകള്‍.

കല്ലാര്‍ക്കാട്ടിലെ ഈ ആദിവാസി മുത്തശ്ശിയെക്കുറിച്ചുള്ള കേരളാ എക്സ്പ്രസിന്‍റെ `മരുന്നമ്മ’ എപ്പിസോഡ് ഞായറാ‍ഴ്ച്ച രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍ കാണാം. പരിപാടിയുടെ പ്രമോ ഇവിടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News