തടവുകാരന് സന്താനോല്‍പാദത്തിനുള്ള അവകാശം നിഷേധിക്കാനാവില്ല; 40കാരന് രണ്ടാഴ്ച്ചത്തെ പരോള്‍; സുപ്രധാനവിധി പ്രസ്താവിച്ചത് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 40 വയസുകാരന് സന്താനോല്‍പാദത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് സുപ്രധാനവിധിയുമായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.

ഇത്തരം ആവശ്യങ്ങള്‍ക്ക് തടവുകാര്‍ക്ക് അവധി നല്‍കാന്‍ ജയില്‍ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന ജയില്‍ അധികൃതരുടെ വാദം തള്ളിക്കൊണ്ടാണ് കോടതി വിധി.

അസാധാരണ സാഹചര്യത്തില്‍ തടവുകാര്‍ക്ക് അവധി അനുവദിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. തടവുകാരന് മതിയായ സംരക്ഷണം നല്‍കാനും ജയലധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് 10 വര്‍ഷമായി ജയിലില്‍ കഴിയുന്ന സിദ്ദീഖ് അലി (40) എന്നയാളാണ് കുഞ്ഞ് വേണമെന്ന ആഗ്രഹം വ്യക്തമാക്കി പരോള്‍ തേടിയത്. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് രണ്ടാഴ്ചത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. അവധി വേണമെങ്കില്‍ രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ വിമല ദേവി, ടി.കൃഷ്ണവല്ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം.

ദീര്‍ഘകാല തടവുകാര്‍ക്ക് കുടുംബജീവിതം നയിക്കാന്‍ നിശ്ചിത കാലം അവധി നല്‍കുന്നതിനെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റു രാജ്യങ്ങളില്‍ ഇത്തരം കമ്മിറ്റികള്‍ നിലവിലുണ്ട്.

തടവില്‍ കഴിയുന്ന ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം കാണാന്‍ അനുവദിക്കുന്നതിന്റെ നിയമവശങ്ങളും ഗുണവശങ്ങളും ദോഷവശങ്ങളും കമ്മിറ്റി പരിശോധിക്കുന്നതാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News