ആലപ്പുഴ: മുത്തലാഖിന് കൂട്ടുനിന്നെന്നാരോപിച്ച് യുവതിയും മക്കളും പള്ളിക്ക് മുന്നില്‍ സത്യഗ്രഹം ആരംഭിച്ചു.

തുറവൂര്‍ കോട്ടയ്ക്കല്‍ ഹൗസില്‍ (ഷെരീഫ മന്‍സില്‍) ഷറീഫയുടെ മകള്‍ നിഷയാണ് കുട്ടികളെയും കൂട്ടി വടക്കനാര്യാട് മഹല്ലിന് മുന്നില്‍ സത്യഗ്രഹം തുടങ്ങിയത്.

നോര്‍ത്ത് ആര്യാട് ഹിദായത്ത് മന്‍സിലില്‍ എസ് ഷിഹാബുമായി 2005 ആഗസ്ത് 21നാണ് നിഷ മതാചാരപ്രകാരം വിവാഹിതയായത്. പതിനൊന്ന് വയസുള്ള ഒരു പെണ്‍കുട്ടിയും എട്ടും ആറും വയസുള്ള രണ്ട് ആണ്‍കുട്ടികളുമുണ്ട്. ഭര്‍ത്താവ് നിഷയെയും കുട്ടികളെയും സംരക്ഷിക്കാതായതോടെ ഇവര്‍ കുടുംബകോടതിയെ സമീപിച്ചു.

8000 രൂപ ചെലവിന് നല്‍കാനും 14,92,000 രൂപ നിഷയ്ക്ക് കൊടുക്കാനും കോടതിവിധിച്ചു. 7000 രൂപ വീതം മാസം നല്‍കി. ബാക്കി തുക നല്‍കാതെ തന്നെ മുത്തലാഖ് ചൊല്ലിയതായി കത്ത് അയക്കുകയും വേറെ വിവാഹം കഴിക്കുകയുമാണ് ചെയ്തതെന്ന് നിഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ കാര്യങ്ങളും അറിയാമായിരുന്ന മഹല്ല് കമ്മിറ്റി മുത്തലാഖിനും പുനര്‍വിവാഹത്തിനും കൂട്ടുനിന്ന് തന്നെ ചതിക്കുകയായിരുന്നുവെന്നും തനിക്ക് ലഭിക്കേണ്ട തുകയോ ജീവനാംശമോ പോലും വാങ്ങി നല്‍കിയില്ലെന്നും നിഷ ആരോപിച്ചു.

മുത്തലാഖ് ചൊല്ലിയ ഷിഹാബ് 20 ലക്ഷം വരെ നഷ്ടപരിഹാരം നല്‍കാമെന്നും മകളുടെ വിവാഹത്തിന്റെയും ആണ്‍കുട്ടികളുടെ ചേലാകര്‍മ്മത്തിന്റെയും ചെലവ് വരെ വഹിക്കാമെന്നും അനുരഞ്ജന ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും മഹല്‍ സെക്രട്ടറി നിഷാദ് പറഞ്ഞു.