ദില്ലി: കനത്ത സുരക്ഷയില്‍ രാജ്യം 69ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ദില്ലിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി തെളിയിച്ച് നടന്ന മാര്‍ച്ച് പാസ്റ്റിന് പത്ത് രാഷ്ട്രത്തലവന്‍മാര്‍ സാക്ഷികളായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു.

സൈന്യത്തിന്റെയും പൊലീസിന്റെയും കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ദില്ലിയില്‍ നടന്ന പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന റാലിയില്‍ സൈന്യത്തിന്റെ ശക്തിപ്രകടനത്തിനു പുറമേ വിവിധ സംസ്ഥാനങ്ങളുടെയും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 23 നിശ്ചല ദൃശ്യങ്ങളാണ് അണിനിരന്നത്.

ഓച്ചിറ കെട്ടുകാഴ്ചയുടെ നിശ്ചലദൃശ്യമാണ് കേരളം ഇത്തവണ ഒരുക്കിയത്. രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തിയ ശേഷം സൈനികരുടെ സല്യൂട്ട് സ്വീകരിച്ചു

റിപ്പബ്ലിക് ദിന റാലി കാണാനായി ആയിരങ്ങളാണ് രാജ്യതലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. വായുസേനയുടെ അഭ്യാസപ്രകടനങ്ങളും ശ്രദ്ധേയമായി. ബോര്‍ഡര്‍ സെക്യൂരിട്ടി ഫോര്‍ഡസിലെ വനിതാ വിഭാഗമായ സീമാ ഭവാനിയുടെ ബൈക്ക് റാലിയാണ് ഇത്തവത്തെ റാലിയുടെ മുഖ്യാകര്‍ഷണമായത്. 114 വനിതകളാണ് ബൈക്ക് റാലിയില്‍ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ചത്. ആസിയാന്‍ ഉച്ചകോടതിക്കെത്തിയ പത്ത് രാഷ്ട്രത്തലവന്‍മാര്‍ അതിഥികളായി രാജ്പഥിലെത്തി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍നിരയില്‍ സീറ്റ് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയും വിവാദത്തിലായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കുടുംബത്തിനും മുന്‍നിരയില്‍ സീറ്റ് അനുവദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് നാലാം നിരയില്‍ സീറ്റ് നല്‍കിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.