തിരുവനന്തപുരം: 69ാമത് റിപ്പബ്ലിക് ദിനം സംസ്ഥാനവും വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ദേശീയ പതാക ഉയര്‍ത്തി.

വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു. യുവാക്കള്‍ രാഷ്ട്രീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ ഇരകളാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ഗവര്‍ണര്‍ ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

പ്രൗഢമായാണ് സംസ്ഥാനവും 69ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ദേശീയ പതാക ഉയര്‍ത്തി.

വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച ഗവര്‍ണര്‍ നവകേരളാ മിഷന്‍, ഹരിതകേരളം, ട്രാന്‍സ്ജന്‍ഡര്‍ പോളിസി, ലോക കേരള സഭ എന്നിവയ പ്രത്യേകമായി പരാമര്‍ശിച്ചു. ഓഖി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സേനാ വിഭാഗങ്ങളെയും പ്രശംസിച്ച ഗവര്‍ണര്‍ ഇനി അഭിവൃദ്ധിപ്പെടുത്തേണ്ട മേഖലകളെ കുറിച്ചും പരാമര്‍ശിച്ചു.

വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ കന്‍വാര്‍ തപന്‍ ജംവാല്‍ നേതൃത്വം നല്‍കിയ പരേഡിന് ഗവര്‍ണര്‍ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പത്തനംതിട്ടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി

പത്തനംതിട്ട: 69-ാമത് റിപ്പബ്ലിക് ദിനത്തില്‍ പത്തനംതിട്ടയില്‍ രാവിലെ 8.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, സ്റ്റുഡന്റ് പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് പ്ലാറ്റൂണുകള്‍ തുടങ്ങിയ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു.

കണ്ണൂരില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പതാക ഉയര്‍ത്തി

കണ്ണൂര്‍: കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ വ്യത്യസ്ത വകുപ്പുകളില്‍ നിന്ന് മന്ത്രി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി, ഐ.ജി. മഹിപാല്‍ യാദവ്, എസ്.പി ശിവവിക്രം തുടങ്ങി നിരവധി സാമൂഹികസാംസ്‌കാരിക നേതാക്കള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.