സ്വാതന്ത്ര്യം ലഭിച്ചിട്ടും റിപ്പബ്ലിക് ആയിട്ടും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു; ഇന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നുണ്ടോ; ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി

രാജ്യത്തെ ഒരുജനവിഭാഗത്തിനും തങ്ങള്‍ രണ്ടാംതരം പൗരന്മാരാണെന്ന് തോന്നിക്കൂടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും മുഖ്യധാരയിലെത്തേണ്ടതുണ്ട്. കേന്ദ്രീകൃത ഭരണസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു പോരുന്ന വിശാലമായൊരു ദേശീയതയാണ് നമ്മുടേത്. ബഹുസ്വരതയാണ് അതിന്റെ മുഖമുദ്ര.

എന്നാല്‍ ദേശീയപ്രസ്ഥാനകാലത്ത് നാം ആഗ്രഹിച്ച വിധത്തലുള്ള ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്കായിട്ടില്ല. കാലങ്ങളായി അരികിലേക്ക് തള്ളിമാറ്റപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഭരണ സംവിധാനമാണ് സംസ്ഥാനത്തുള്ളത്. സാമൂഹ്യനീതിയോടൊപ്പം എല്ലാവരുടെയും പുരോഗതി ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി ഫേസ്‌‌‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിവിധ ഭാഷകളും വിവിധ മതങ്ങളും വിവിധ സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന കോടാനുകോടി മനുഷ്യര്‍ അധിവസിക്കുന്ന ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ രൂപീകരണം ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരമടക്കമുള്ള സാമൂഹ്യപ്പോരാട്ടങ്ങളുടെയും ഫലമായി സംഭവിച്ചതാണ്.

വിവിധ ദേശീയതകളെ അംഗീകരിച്ച്, വിവിധ സംസ്‌കാരങ്ങളെ കൂട്ടിയിണക്കി, അധികാരം വികേന്ദ്രീകരിച്ച്, എന്നാല്‍ ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിച്ചു പോരുന്ന വിശാലമായൊരു ദേശീയതയാണ് നമ്മുടേത്. ബഹുസ്വരതയാണ് അതിന്റെ മുഖമുദ്ര. എന്നാല്‍ ദേശീയപ്രസ്ഥാനകാലത്ത് നാം ആഗ്രഹിച്ച വിധത്തലുള്ള ഒരു ഭാരതം കെട്ടിപ്പടുക്കാന്‍ നമുക്കായിട്ടില്ല.

നാനാത്വത്തില്‍ ഏകത്വം എന്ന നമ്മുടെ സങ്കല്പം പൂര്‍ണമായ അര്‍ത്ഥത്തില്‍ പുലരുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സാംസ്‌കാരികമോ രാഷ്ട്രീയമോ മതപരമോ ആയ ഒരു വ്യവസ്ഥയും അടിച്ചേല്പിക്കപ്പെടാന്‍ ഇടവന്നുകൂടാ. തങ്ങള്‍ രണ്ടാംതരം പൗരന്മാരാണെന്നോ ഒഴിവാക്കപ്പെടുന്നവരാണെന്നോ രാജ്യത്തെ ഒരു ജനവിഭാഗത്തിനും തോന്നിക്കൂടാ. എല്ലാവരും മുഖ്യധാരയിലാവണം.

സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്ത്യ റിപ്പബ്ലിക് ആയിട്ടും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞു? ദാരിദ്ര്യം തുടച്ചുനീക്കാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാനോ നമുക്ക് കഴിഞ്ഞില്ലെന്നതോ പോട്ടെ, ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ പോലും നമുക്കാവുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

എല്ലാവര്‍ക്കും തുല്യനീതിയും അവസരവും അവകാശങ്ങളും ലഭ്യമാക്കി ഭരണഘടനാലക്ഷ്യം നിറവേറ്റുക എന്നത് രാജ്യത്തിന്റെ ഭരണാധികാരം കയ്യാളുന്നവരുടെ ചുമതലയാണ്. സംസ്ഥാനത്ത് ആധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദേശം പൂര്‍ണ്ണമായും അംഗീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

കാലങ്ങളായി അരികിലേക്ക് തള്ളിമാറ്റപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള ഭരണ സംവിധാനമാണിവിടെയുള്ളത്. സാമൂഹ്യനീതിയോടൊപ്പം എല്ലാവരുടെയും പുരോഗതി ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളവും പുതിയൊരിന്ത്യയും സൃഷ്‌ടിക്കുന്നതിനായി നമുക്കൊരുമിച്ചു മുന്നേറാം.

എല്ലാവര്‍ക്കും റിപ്പബ്‌ളിക് ദിനാശംസകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here