ചെന്നൈ: സ്ത്രീയുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പൊലീസുകാരനുമായി ചാറ്റിംഗ് നടത്തിയ യുവാവിന് അവസാനം നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍.
താന്‍ വ്യാജ അക്കൗണ്ടുമായാണ് ഇത്രയും നാളും ചാറ്റ് ചെയ്‌തെന്ന് അറിഞ്ഞ പൊലീസുകാരന്‍ യുവാവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. തമിഴ്‌നാട്ടിലെ വിരുതുനഗറിലാണ് സംഭവം.
ചെന്നൈ സ്വദേശി കണ്ണന്‍ കുമാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് സ്ത്രീയായി നടിച്ച് തന്നെ വഞ്ചിച്ച യുവാവിനെ വെടിവച്ച് കൊന്നത്. അയ്യനാര്‍ എന്ന അധ്യാപക വിദ്യാര്‍ഥിയാണ് കണ്ണനെ കബളിപ്പിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ഒരു സ്ത്രീയുടെ പേരില്‍ അയ്യനാര്‍ പ്രൊഫൈല്‍ നിര്‍മിക്കുകയും കണ്ണനുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. പണം തട്ടിയെടുക്കുകയായിരുന്നു അയ്യനാരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
നീണ്ട കാത്തിരിപ്പിന് ശേഷം പൊങ്കല്‍ ആഘോഷത്തിന് പത്തുദിവസത്തെ അവധിയെടുത്ത് കണ്ണന്‍ ‘കാമുകി’യെ കാണാന്‍ വത്തിരായിരുപ്പില്‍ എത്തി. എന്നാല്‍ അയ്യനാര്‍ കണ്ണനെ നേരിട്ടു കാണാന്‍ വിസമ്മതിച്ചു.
ഇതോടെ സംശയം തോന്നിയ കണ്ണന്‍ അന്വേഷണം നടത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിഷാദരോഗത്തിന് അടിമപ്പെട്ട കണ്ണന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
ആശുപത്രിയില്‍ തന്നെ കാണാനെത്തിയ സുഹൃത്തുക്കളോട് കണ്ണന്‍ സംഭവം പറയുകയും ഇവര്‍ക്കൊപ്പം ചേര്‍ന്ന് അയ്യനാരെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്നാണ് അയ്യനാരെ കണ്ണനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊന്നത്.
സംഭവത്തോടെ കണ്ണന്‍ ഒളിവിലാണ്. കൂട്ടുപ്രതികളായ വിജയകുമാര്‍, തമിളരസന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Get real time update about this post categories directly on your device, subscribe now.