ഐപിഎല്‍ താരലേലത്തില്‍ താരമായി സഞ്ജു; എട്ട് കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി; ബെന്‍ സ്റ്റോക്‌സ് 12.5 കോടിക്ക് രാജസ്ഥാനില്‍; സ്റ്റാര്‍ക്ക് 9.4 കോടിക്ക് നൈറ്റ് റൈഡേഴ്‌സിന്; #LiveUpdates

ഐപിഎല്‍ താരലേലത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ താരമായത് മലയാളി താരം സഞ്ജു വി സാംസണ്‍. എട്ട് കോടി രൂപയാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാന്‍ റോയല്‍സാണ് സഞ്ജുവിനെ വീണ്ടും പാളയത്തിലെത്തിച്ചത്.

ഒരു കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന സഞ്ജുവിന് വേണ്ടി മുംബൈ ഇന്ത്യന്‍സും രാജസ്ഥാനുമായി കൊമ്പുകോര്‍ത്തെങ്കിലും മുംബൈ പാതി വഴിയില്‍ പിന്മാറിയതോടെ കളിച്ച് ശ്രദ്ധ നേടിയ രാജസ്ഥാനിലേക്ക് മടങ്ങാന്‍ സഞ്ജുവിന് വഴി തുറന്നു.

2016ല്‍ 4.2 കോടി രൂപയ്ക്കായിരുന്നു സഞ്ജു ഡല്‍ഹിക്കായി കളിച്ചത്. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാണ് സഞ്ജു. പുനെയ്‌ക്കെതിരെ 2017 ഏപ്രില്‍ പതിനൊന്നിനായിരുന്നു സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറി പിറന്നത്. 63 ബോളില്‍ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തിയായിരുന്നു സഞ്ജു 102 റണ്‍സ് അടിച്ചെടുത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം വാശിയോടെ മുന്നേറുകയാണ്. പതിനൊന്നാം എഡിഷന്റെ രണ്ടു ദിവസം നീളുന്ന താരലേലം ബംഗളൂരുവിലാണ് നടക്കുന്നത്.

ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് പതിനൊന്നാം സീസണിലെ വിലയേറിയ താരം. 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്റ്റോക്സിനെ സ്വന്തമാക്കിയത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി.

ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 5 കോടി 20 ലക്ഷം രൂപയ്ക്ക് നിലനിര്‍ത്തി. ആര്‍.അശ്വിനെ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് ഇലവന്‍ സ്വന്തമാക്കി. പൈാള്ളാര്‍ഡിനെ 5.40 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. അജങ്ക്യ രഹാനെയെ നാലു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി.

അതേസമയം, വിന്‍ഡീസ് താരം ക്രിസ് ഗെയിലിനെ ഒരു ടീമും ലേലത്തില്‍ എടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News