മംഗളം ഫോണ്‍കെണിക്കേസ്; ശശീന്ദ്രന്‍ കുറ്റവിമുക്തനെന്ന് കോടതി വിധി; സന്തോഷമെന്ന് ശശീന്ദ്രന്‍റെ പ്രതികരണം; ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് പീതാംബരന്‍മാസ്റ്റര്‍

മംഗളം ഫോണ്‍കെണിക്കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളി.

പരാതിയില്ലെന്ന യുവതിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. ‍പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

മന്ത്രി ഔദ്യോഗിക വസതിയില്‍ വെച്ച് അപമര്യാദയായി ആരും പെരുമാറിയിട്ടില്ലെന്നും ചാനല്‍ പുറത്തുവിട്ട ശബ്ദ ശകലത്തിലുള്ളത് ശശീന്ദ്രന്‍റെ ശബ്ദമാണെന്ന് ഉറപ്പില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

ശശീന്ദ്രനെതിരെ തെളിവില്ലെന്ന് കോടതി ചൂണ്ടികാട്ടിയിട്ടുണ്ട്.  വിധിയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങള്‍ തീരുമാനിക്കുമെന്ന് ശശീന്ദ്രന്‍.

ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തടസ്സമില്ലെന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍മാസ്റ്റര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എല്‍ ഡി എഫിനെ ഔദ്യോഗികമായി അറിയിക്കുമെന്നും പീതാംബരന്‍മാസ്റ്റര്‍ വ്യക്തമാക്കി.

മന്ത്രിസ്ഥാനത്തെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം തിങ്ങളാ‍ഴ്ച ദില്ലിയില്‍ ചേരുന്ന എന്‍ സി പി യോഗം കൈകൊള്ളുമെന്നും  അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News