അംലയെ വീ‍ഴ്ത്തി ഇഷാന്തിന്‍റെ ബ്രേക്ക്ത്രൂ; ഡിവില്ലേ‍ഴ്സിനെ വീ‍ഴ്ത്തി ബുംറ; കളിപിടിക്കുമോ കൊഹ്ലിപ്പട

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആശ്വാസജയം തേടി ജോഹന്നാസ് ബര്‍ഗിലിറങ്ങിയ ഇന്ത്യന്‍ സംഘം തിരിച്ചടിയില്‍ നിന്ന് കരകയറുന്നു.  241 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ക്ക് വേണ്ടി ഓപ്പണര്‍ ഡീന്‍ എല്‍ഗറും മധ്യനിര ബാറ്റ്സ്മാന്‍ ഹഷീം അംലയും മികച്ച പ്രകടനം പുറത്തെടുത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

എന്നാല്‍ അര്‍ധ സെഞ്ചുറി കുറച്ച് മുന്നേറിയ അംലയെ വീ‍ഴ്ത്തി ഇഷാന്ത് ശര്‍മ്മ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 52 റണ്‍സ് നേടിയ അംലയെ ഇഷാന്ത് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേ‍ഴ്സിനെ വീ‍ഴ്ത്തി ബുംറ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കിയിട്ടുണ്ട്.

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കരുതലോടെ ബാറ്റിംഗ് തുടരുന്ന എല്‍ഗറാണ് അഫ്രിക്കയുടെ കരുത്ത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 3 വിക്കറ്റിന് 135 എന്ന നിലയിലാണ് ആതിഥേയര്‍.

7 വിക്കറ്റ് ശേഷിക്കെ 106 റണ്‍സ് മാത്രമാണ് മത്സരം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്.  60 റണ്‍സുമായി എല്‍ഗറും റണ്‍സൊന്നും നേടാതെ നായകന്‍ ഡുപ്ലെസിസുമാണ് ക്രീസില്‍. 4 റണ്‍സ് നേടിയ മാര്‍ക്രത്തിന്‍റെ വിക്കറ്റ് ആതിഥേയര്‍ക്ക് ഇന്നലെതന്നെ നഷ്ടമായിരുന്നു.

ജോഹന്നാസ് ബര്‍ഗിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ 241 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം മറികടക്കാനാകുമോയെന്നത് കാത്തിരുന്ന് കാണണം.

ആദ്യ ഇന്നിംഗ്സില്‍ 7 റണ്‍സ് ലീഡ് വ‍ഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പോരാട്ടവീര്യം കാട്ടുകയായിരുന്നു.247 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. 48 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടോപ്സ്കോറര്‍യ നായകന്‍ വിരാട് കൊഹ്ലി 41 റണ്‍സ് നേടി ഇന്ത്യന്‍ സ്കോറില്‍ കാര്യമായ സംഭാവന നല്‍കി.

33 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍, 27 റണ്‍സ് നേടിയ മുഹമ്മദ് ഷമി എന്നിവര്‍ വാലറ്റത്ത് നടത്തിയ പ്രകടനവും ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. മുരളി വിജയ് 25 റണ്‍സ് നേടിയപ്പോള്‍ പാര്‍ഥിവ് പട്ടേലും കെ എല്‍ രാഹുലും 16 റണ്‍സ് വീതം നേടി.

ചേതേശ്വര്‍ പൂജാര 1 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 4 റണ്‍സുമാണ് നേടിയത്. ബുംറ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇഷാന്ത് 7 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റ് വീതം നേടിയ റബാഡയും മോണെ മോര്‍ക്കലും ഫിലാന്‍ഡറും ചേര്‍ന്നാണ് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here