പാര്‍ലമെന്റ് ബജറ്റ് സമ്മേളനം നാളെ തുടങ്ങും

ദില്ലി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സെന്‍ട്രല്‍ ഹാളില്‍ രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 2017-18 വര്‍ഷത്തെ സാമ്പത്തികസര്‍വേ റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കും.

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമാണ്. ബജറ്റവതരണം ഫെബ്രുവരി ഒന്നിനാണ്. 30നും 31നും സഭ ചേരില്ല. സമ്മേളനത്തിന്റെ ഒന്നാംഘട്ടം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മാര്‍ച്ച് അഞ്ചു മുതല്‍ ഏപ്രില്‍ ആറുവരെയാണ് രണ്ടാം ഘട്ടം.

അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയാണിത്. ആയതിനാല്‍ അടുത്ത വര്‍ഷം വോട്ട് ഓണ്‍ അക്കൗണ്ടോ ഇടക്കാല ബജറ്റോ മാത്രമേ ഉണ്ടാവുകയുള്ളു. അതിനാല്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ എല്ലാം ഈ ബജറ്റിലുണ്ടാകും.

അമിത്ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യംചെയ്ത ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ്,വിഎച്ച്പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയുടെ ആരോപണം, സംഘപരിവാറിനുള്ളിലെ പരസ്യമായ കലഹം, എന്‍ഡിഎ വിടാനുള്ള ശിവസേനയുടെ തീരുമാനം, രൂക്ഷമായ കാര്‍ഷികപ്രതിസന്ധിയും സാമ്പത്തികതളര്‍ച്ചയും, തൊഴില്‍നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ഉയര്‍ത്തുന്ന പ്രതിഷേധം തുടങ്ങിയ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും.

പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കലാപമായി മാറിയതും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷംമാത്രം ശേഷിക്കെ ബജറ്റിനോടുള്ള സര്‍ക്കാര്‍ സമീപനവും നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News