യുപിയില്‍ വര്‍ഗീയ സംഘര്‍ഷം; ഒരു മരണം

ദില്ലി റിപ്പബ്ലിക് ദിനത്തില്‍ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറിലും അക്രമത്തിലും ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കലാപം പടരുകയാണ്.

റിപ്പബ്ലിക് ദിനത്തില്‍ വിഎച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ അനുമതിയില്ലാതെ നടത്തിയ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. നിരവധിവാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. പ്രദേശത്തെ പള്ളിക്ക് തീവയ്ക്കാനുള്ള ശ്രമവുമുണ്ടായി.

ശനിയാഴ്ചയും അക്രമം തുടര്‍ന്നു. കാസ്ഗഞ്ചില്‍ രണ്ട് ബസുകള്‍ കത്തിച്ചു. നിരവധി കടകളും ഒരു ആരാധനാലയവും അടിച്ചു തകര്‍ത്തു. സംഘര്‍ഷ മേഖലയിലെത്തിയ വിഎച്ച്പി നേതാവ് സാധ്വി പ്രാചിയെ പൊലീസ് തടഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ കാസ്ഗഞ്ച് നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

വിഎച്ച്പിക്കാര്‍ നടത്തിയ ‘തിരംഗ യാത്ര’യില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് കാസ്ഗഞ്ചിലെ ബാദുനഗറില്‍ ഒരുകൂട്ടമാളുകള്‍ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും വെടിവയ്പുമുണ്ടായി. വെടിവയ്പില്‍ ചന്ദന്‍ ഗുപ്ത (22) എന്നയാളാണ് മരിച്ചത്. കാലില്‍ വെടിയേറ്റ നൗഷാദ് എന്ന യുവാവിനെ അലിഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ മറ്റ് നാലുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ശനിയാഴ്ച ചന്ദന്‍ ഗുപ്തയുടെ സംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങിയവര്‍ കടകളും ആരാധനാലയവും ആക്രമിച്ചു. നദ്രായി ഗേറ്റ് മേഖലയില്‍ അക്രമികള്‍ രണ്ട് ബസുകള്‍ കത്തിച്ചു.

വിഎച്ച്പിയുടെ തിരംഗയാത്ര അനുമതിയില്ലാതെയാണ് നടത്തിയതെന്ന് കാസ്ഗഞ്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് രാകേഷ് കുമാര്‍ പറഞ്ഞു. 49 പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ നഗരത്തില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

സമീപജില്ലകളില്‍നിന്ന് പൊലീസിനെ നിയോഗിച്ചു. കലാപമുണ്ടാക്കിയവര്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയ്ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി കാസ്ഗഞ്ച് ജില്ലാ പ്രസിഡന്റ് പുരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News