തിരുവനന്തപുരം: മംഗളം ഫോണ്‍കെണിക്കേസില്‍ തനിക്കെതിരെ കോടതിയിലെത്തിയ വ്യാജ ഹര്‍ജികളേക്കുറിച്ച് അന്വേഷിക്കണമെന്ന് മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍. കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് വേണ്ടി വീണ്ടും ഹര്‍ജികളുമായി കോടതിയിലെത്തിയ സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് ശശീന്ദ്രന്‍.
തിരുവനന്തപുരം തൈക്കാട് TC24/1373 ബാപ്പൂജി നഗര്‍ 138 ല്‍ വേണുഗോപാലിന്റെ ഭാര്യ മഹാലക്ഷ്മിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
ഹർജിയിൽ പറഞ്ഞിരിക്കുന്ന മേൽവിലാസമായ TC24/1373ാം നമ്പര്‍ വീട് ബാപ്പുജി നഗറില്‍ ഇല്ലെന്ന് റസിഡന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു ബാപ്പൂജി നഗറിലെ 138ാം നമ്പര്‍ വീട്ടിലെ താമസക്കാര്‍ 2015 വരെ ഹര്‍ജിക്കാരി തന്നെയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വീട്ടില്‍ ഇവരല്ല താമസിക്കുന്നത്.
ഓട്ടോ തൊഴിലാളിയായ ഭര്‍ത്താവ് 2005 ല്‍ രണ്ടു തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.ഏറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ് മഹാലക്ഷ്മിയുടേത്. മറ്റു വീടുകളില്‍ സഹായിയായി പോകുന്ന വ്യക്തിയായിരുന്നു മഹാലക്ഷ്മി.
ഹർജിക്കാരിയുടെ പശ്ചാത്തലം ഇതാണെന്നിരിക്കെ ആരുടെ പ്രേരണ പ്രകാരമാണ് ഇവർ തടസ ഹർജിയുമായി കോടതിയെ സമീപിച്ചത് എന്നത് ദുരൂഹത നിറഞ്ഞതാണ്.
പാർട്ടിക്കുള്ളിലെ ചിലർ നടത്തിയ നീക്കമാണ് ഹർജി രൂപത്തിൽ കോടതിയിലെത്തിയത് എന്നാണ് എ.കെ ശശീന്ദ്രനെ അനുകൂലിക്കുന്നവർ കരുതുന്നത്. ഇതാണ് സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യം ശശീന്ദ്രന്‍ ഉന്നയിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.