13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗുജറാത്തില്‍ എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി; സംസ്ഥാനത്തൊട്ടാകെ യൂണിറ്റുകള്‍ രൂപീകരിക്കും; വിദ്യാര്‍ഥി പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നിരന്തര സമരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനം

ദില്ലി: ഗുജറാത്തില്‍ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി രൂപീകരിച്ചു. അഹമ്മദാബാദില്‍ ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ വിവിധ ജില്ലകളിലെ കോളേജുകളില്‍നിന്നായി 50 പ്രവര്‍ത്തകര്‍ പങ്കെടുത്തു.

എസ്എഫ്‌ഐ ജനറല്‍ സെക്രട്ടറി വിക്രംസിങ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം നിതീഷ് നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ അരുണ്‍ മേത്ത സംസാരിച്ചു. എല്‍ഡി ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥിയായ നിധീഷ് മോഹന്‍ കുമാറിനെ താല്‍ക്കാലിക കമ്മറ്റിയുടെ കണ്‍വീനറായി സമ്മേളനം തിരഞ്ഞെടുത്തു.

വലിയ വിദ്യാര്‍ഥി മുന്നേറ്റത്തിന്റെ ചരിത്രം അവകാശപ്പെടാനുള്ള ഗുജറാത്തില്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണ്. വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളും നിരോധിച്ചു. വിദ്യാഭ്യാസമേഖലയെ എല്ലാതരത്തിലും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളുടെ പരീക്ഷണശാലയായി ഗുജറാത്ത് മാറി.

ഈ പ്രതികൂല സാഹചര്യം നേരിടാന്‍ സംസ്ഥാനത്ത് വന്‍ സമരങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഇടത് വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാനത്തൊട്ടാകെ യൂണിറ്റുകള്‍ രൂപീകരിക്കാനും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നിരന്തര സമരങ്ങള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

‘ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെയുള്ള നവ ഉദാരവല്‍ക്കരണ കടന്നാക്രമണങ്ങളുടെ കാലത്ത് വിദ്യാര്‍ഥി സംഘടനകളുടെ പ്രസക്തി’ എന്ന വിഷയത്തില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയില്‍ ശനിയാഴ്ച പൊതുയോഗം നടന്നു.

ഇടത് ജനാധിപത്യ വിദ്യാര്‍ഥി ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന പൊതുയോഗത്തില്‍ വിക്രംസിങ്, നിതീഷ് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News