വിവാദ ഭൂമിയിടപാട്: കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്; സത്യദീപം മാസിക കത്തിച്ചു

എറണാകുളം അങ്കമാലി അതിരൂപത വിവാദ ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ വിശ്വാസികള്‍ തമ്മില്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക്.

സഭയുടെ ഭരണ സമിതികളില്‍ വിശ്വാസികള്‍ക്ക് പ്രാതിനിധ്യം വേണമെന്നും ഭൂമിയിടപാടിലെ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തണമെന്നും ഒരു വിഭാഗം വിശ്വാസികള്‍ ആവശ്യപ്പെട്ടു. അങ്കമാലിയില്‍ ചേര്‍ന്ന യോഗത്തിലേക്ക് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്ന ഇന്ത്യന്‍ കാത്തലിക്ക് ഫോറം പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ സത്യദീപം മാസിക കത്തിക്കുകയും ചെയ്തു.

സഭയുടെ വിവാദ ഭൂമിയിടപാട് രമ്യതയില്‍ പരിഹരിക്കാന്‍ നേതൃത്വം ശ്രമിക്കുമ്പോണ് വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കര്‍ദ്ദിനാളിനെതിരേ നില കൊളളുന്ന ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഫൊര്‍ ട്രാന്‍സ്പറന്‍സി എന്ന സംഘടന അങ്കമാലി സുബോധന സെന്ററില്‍ യോഗം ചേര്‍ന്ന് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു.

സഭാ നിയമങ്ങള്‍ ഭേദഗതി ചെയ്യുക, സഭയുടെ ഭരണപ്രക്രിയകളും സ്വത്തുക്കളും കൈകാര്യം ചെയ്യുന്ന സമിതികളില്‍ അല്‍മായര്‍ക്കും പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയവും യോഗം പാസാക്കി. ആവശ്യങ്ങള്‍ ഉന്നയിച്ച് സഭാമേലധ്യക്ഷന്മാര്‍ക്ക് ഭീമഹര്‍ജി നല്‍കുമെന്നും ഇവര്‍ അറിയിച്ചു.

അതിനിടെ കര്‍ദ്ദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗം വിശ്വാസികള്‍ യോഗം തടസപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. പൊലീസെത്തിയാണ് ഇവരെ നീക്കിയത്. ഇന്ത്യന്‍ കാത്തലിക് ഫോറത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം കര്‍ദ്ദിനാളിനെതിരേ തുടര്‍ച്ചയായി ലേഖനം എഴുതുന്ന സത്യദീപം മാസിക കത്തിക്കുകയും ചെയ്തു.

കര്‍ദ്ദിനാളിനെയും സഭയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വൈദികരെ പുറത്താക്കണമെന്ന് ഇന്ത്യന്‍ കാത്തലിക് ഫോറം ആവശ്യപ്പെട്ടു.

വിവാദ ഭൂമിയിടപാടില്‍ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴാണ് വിശ്വാസികളുടെ വിവിധ സംഘടനകള്‍ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here