അമലാ പോളിന്റെ മൊഴി വിശ്വാസയോഗ്യമില്ലെന്ന് ക്രൈംബ്രാഞ്ച്; വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: പുതുച്ചേരിയില്‍ വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലാ പോളിന്റെ മൊഴി വിശ്വാസയോഗ്യമില്ലെന്ന് ക്രൈംബ്രാഞ്ച്.

നെടുമ്പാശേരിയില്‍ രണ്ടാമത് നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്. പുതുച്ചേരിയില്‍ വാടക വീടുണ്ടെന്ന മൊഴി ആവര്‍ത്തിച്ചെങ്കിലും അമല രേഖകളൊന്നും ഹാജരാക്കിയില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കാര്‍ കൊച്ചിയില്‍ ഉപയോഗിക്കുകയായിരുന്നു. കേരളത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു.

പോണ്ടിച്ചേരിയില്‍ നികുതി കുറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത്. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഈ മാസം 15നാണ് അമലയെ ആദ്യം ചോദ്യം ചെയ്തത്. പിന്നീട് അമലയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here