മോദിക്കൊപ്പം വിദേശയാത്ര പോകുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍; വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം തള്ളി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വിദേശയാത്ര പോകുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍. ദേശീയസുരക്ഷയുടെ പേരില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ അനുവദിക്കണമെന്ന മോദി കാര്യാലയത്തിന്റെ അഭ്യര്‍ഥന ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ആര്‍ കെ മാതുര്‍ തള്ളി.

അതേസമയം, മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റും വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് കമീഷണര്‍ നിര്‍ദേശിച്ചു. സുരക്ഷയുമായി ബന്ധമില്ലാത്ത, സര്‍ക്കാരിതര വ്യക്തികളുടെ വിവരങ്ങള്‍ മുഴുവന്‍ അപേക്ഷകര്‍ക്ക് പ്രധാനമന്ത്രികാര്യാലയം ഒരുമാസത്തിനകം കൈമാറണം.

മോദിയുടെ വിദേശയാത്രാ വിവരം ആവശ്യപ്പെട്ട് നീരജ് ശര്‍മ, അയൂബ് അലി എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരില്‍നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ ഇവര്‍ കേന്ദ്ര വിവരാവകാശ കമീഷനെ സമീപിക്കുകയായിരുന്നു.

മോദിയെ അന്താരാഷ്ട്രയാത്രകളില്‍ അനുഗമിച്ച സ്വകാര്യകമ്പനികളുടെ സിഇഒമാര്‍, വ്യവസായികള്‍, സ്വകാര്യ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിശദാംശങ്ങളാണ് നീരജ് ശര്‍മ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് ചെലവുകള്‍, അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള നടപടിക്രമങ്ങള്‍, വസതിയില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങള്‍, പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികള്‍, ഇക്കാര്യങ്ങള്‍ക്ക് പൊതുഖജനാവില്‍നിന്ന് എത്ര തുക ചെലവിട്ടു തുടങ്ങിയവ പുറത്തുവിടണമെന്നാണ് അയൂബിന്റെ അപേക്ഷ.

നീരജ് ശര്‍മ 2017 ജൂലൈയിലും അയൂബ് 2016 ഏപ്രിലിലുമാണ് അപേക്ഷിച്ചത്. ആവശ്യപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമത്തിലെ 8 (1) വകുപ്പ് പ്രകാരം ദേശീയസുരക്ഷയ്ക്ക് കീഴില്‍ വരുന്നതിനാല്‍ നല്‍കാനാകില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് നീരജ് ശര്‍മ വിചാരണവേളയില്‍ കമീഷനെ അറിയിച്ചു.

മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കവെ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നുവെന്ന് ശര്‍മ ചൂണ്ടിക്കാട്ടി. മോദി നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ആരൊക്കെ അനുഗമിച്ചെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനാകില്ലെന്ന നിലപാടില്‍ കാര്യാലയം ഉറച്ചുനിന്നു. പ്രധാനമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികള്‍ സംബന്ധിച്ച് കണക്കുകള്‍ ലഭ്യമല്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

ഈ സാഹചര്യത്തിലാണ് 30 ദിവസത്തിനകം നിര്‍ബന്ധമായും വിവരങ്ങള്‍ കൈമാറണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. മോദിയുടെ വിദേശയാത്രകളില്‍ ആഡംബരം വര്‍ധിക്കുന്നതായി കണക്കുകള്‍ നിരത്തി സാമൂഹ്യമാധ്യമങ്ങളിലും മറ്റും ചര്‍ച്ചകള്‍ സജീവമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel