കേരള സര്‍വ്വകലാശാല കോളേജുകളിലെ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം കോഴ്‌സുകള്‍ അവതാളത്തില്‍ #PeopleExclusive

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സിസ്റ്റം ബിരുദ കോഴ്‌സുകള്‍ അവതാളത്തില്‍.

യഥാസമയം സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താത്തതും അക്കാദമിക് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാല സമിതികള്‍ നിര്‍ജ്ജീവമാക്കിയതുമാണ് ബിരുദ കോഴ്‌സുകള്‍ അവതാളത്തിലാകാന്‍ കാരണം.

അതേസമയം, നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ കേരളസര്‍വ്വകലാശാലയ്ക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

മികവിന്റെ സര്‍വ്വകലാശാല എന്ന് ഒരു കാലത്ത് പേര് കേട്ടിരുന്ന കേരള സര്‍വ്വകലാശാല ഇന്ന് ഭീകരമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നു. കേരള സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ 2009ല്‍ LDF സര്‍ക്കാര്‍ കൊണ്ടുവന്ന ബിരുദ കോഴ്‌സുകളിലെ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.

യഥാസമയം പരീക്ഷ നടത്താത്തതും അക്കാദമിക് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍വ്വകലാശാലയിലെ സമിതികള്‍ എല്ലാം നിര്‍ജ്ജീവിമാക്കയതുമാണ് ബിരുദ കോഴ്‌സുകള്‍ അവതാളത്തിലാകാന്‍ കാരണം. ഡിഗ്രി കോഴ്‌സുകളുടെ അഡ്മിഷന്‍ പ്രക്രിയ അനന്തമായി നീണ്ടുപോയി.

പരീക്ഷ സംവിധാനത്തിന് കലണ്ടര്‍ രൂപീകരിച്ചില്ല. ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടക്കാത്തതുമൂലം രണ്ടാം സെമസ്റ്റര്‍ ക്ലാസുകളും വൈകുന്നു. കൂടാതെ ആറാം സെമസ്റ്റര്‍ പരീക്ഷയും ത്രിശങ്കുവിലാണ്.

രണ്ട് വര്‍ഷം മുന്‍പ് വരെ ക്രഡിറ്റ് ആന്റ് സെമസ്റ്റര്‍ കാര്യങ്ങള്‍ കൃത്യമായി നടന്നിരുന്നു. എന്നാല്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും യാതൊരു ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്നത് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സെമസ്റ്റര്‍ സംവിധാനം പാടെ തകിടം മറിയുന്നതില്‍ വിദ്യാര്‍ത്ഥികളും കടുത്ത ആശങ്കയിലാണ്.

സര്‍വ്വകലാശാലയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനം മറച്ചുവച്ചാണ് ഇപ്പോള്‍ യുജിസിയില്‍ നിന്ന് എല്ലാ സഹായങ്ങളും നേടിയെടുക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് യുജിസി ഒരു അന്വേഷണം നടത്തിയാല്‍ കേരള സര്‍വ്വകലാശാലയുടെ സ്ഥാനം കരിമ്പട്ടികയിലായിരിക്കുമെന്നതും വിദ്യാഭ്യാസ വിദഗ്ദര്‍ പറയുന്നുണ്ട്.

അതേസമയം, ഇപ്പോഴത്തെ രീതിയില്‍ ആണ് സര്‍വ്വകലാശാലയില്‍ കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യക്കായിരിക്കും സര്‍വ്വകലാശാല അങ്കണം സാക്ഷ്യം വഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here