തുള്ളല്‍ പ്രസ്ഥാനത്തിനെ ജനകീയമാക്കിയ കലാകാരന്‍ ഇനി ഓര്‍മകളില്‍

തുള്ളല്‍ പ്രസ്ഥാനത്തിനെ ജനകീയമാക്കി, എണ്ണമറ്റ ശിഷ്യഗണങ്ങളെ തീര്‍ത്ത കലാകാരന്‍ ഇനി ഓര്‍മകളില്‍. അഭിനേതാവ് എന്നതിനേക്കാള്‍ പ്രശസ്തനായ തുള്ളല്‍ കലാകാരന്‍ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തിയായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍.

അച്ഛനും ഗുരുവുമായ മഠത്തില്‍ പുഷ്പവത്ത് കേശവന്‍ നമ്പീശന്‍ പ്രശസ്തനായ തുള്ളല്‍ കലാകാരനായിരുന്നു. തുള്ളല്‍ കലയില്‍ നിന്ന് ദാരിദ്ര്യം മാത്രം സമ്പാദ്യമായുണ്ടായിരുന്ന കേശവന്‍ നമ്പീശന്‍, മകനെ തുള്ളല്‍ പഠിപ്പിക്കുവാന്‍ ആദ്യം വിസമ്മതിച്ചു. പിന്നീട് ഗീതാനന്ദന്റെ വാശിയില്‍ അച്ഛന്‍ തന്നെ തുള്ളലിന്റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

1974ല്‍ ഗീതാനന്ദന്‍ കലാമണ്ഡലത്തില്‍ തുള്ളല്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഒന്‍പതാം വയസില്‍ തുള്ളലില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 15ാം വയസ്സില്‍ തന്നേക്കാള്‍ മുതിര്‍ന്നവരെ ഓട്ടന്‍തുള്ളല്‍ പരിശീലിപ്പിച്ചു വേദിയിലെത്തിച്ചു. 1983 മുതല്‍കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിക്കു ചേര്‍ന്നു.

കാല്‍ നൂറ്റണ്ട് കാലത്തോളം കലാമണ്ഡലത്തില്‍ തുള്ളല്‍ വിഭാഗം മേധാവിയായി സേവനമനുഷ്ടു. ചരിത്രത്തിലാദ്യമായി തുള്ളല്‍പ്പദക്കച്ചേരി അവതരിപ്പിച്ചത് കലാമണ്ഡലം ഗീതനന്ദനായിരുന്നു. കഥകളിപ്പദക്കച്ചേരിയെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച തുള്ളല്‍പ്പദക്കച്ചേരി കുഞ്ചന്‍നമ്പ്യാര്‍ക്കുള്ള ഗാനാഞ്ജലിയായിരുന്നു.

പാരിസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചതിന്റെ അംഗീകാരം ഗീതാനന്ദനാണ്. ഫ്രാന്‍സില്‍ 1984ല്‍ 10 വേദികളില്‍ തുള്ളല്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി.

തുള്ളലിനെ പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി കലോത്സവ വേദികളിലെ നിരന്തര സാന്നിധ്യമായി മാറിയ വ്യക്തികൂടിയായ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തുള്ളല്‍ അവതരിപ്പിക്കാതെ കടന്നു പോകുന്ന ഒരു സംസ്ഥാന കലോത്സവവും ഇല്ല എന്ന് തന്നെ പറയാം. കാവ്യമാധവനും നീന പ്രസാദുമടക്കം വലിയൊരു ശിഷ്യ സമ്പത്തിനുടമ കൂടിയായിരുന്നു അദ്ദേഹം.

കമലദളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തി. ഹാസ്യകലയായി മാത്രം വേദിയിലെത്തിയിരുന്ന ഓട്ടന്‍തുള്ളലില്‍ വ്യത്യസ്തത പരീക്ഷിക്കാനുള്ള ഗീതാനന്ദന്റെ ശ്രമങ്ങള്‍ വന്‍ വിജയമായിരുന്നു. ‘തൂവല്‍ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ തുടങ്ങി മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരളസംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉള്‍പ്പെടെ മികവിന്റെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഇത് വരെ രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളല്‍ വേദികള്‍ പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ ജീവിതം തുള്ളല്‍ എന്ന കലയ്ക്കായി ഉഴിഞ്ഞു വച്ചതായിരുന്നു.

നാല് പതിറ്റാണ്ട് കാലത്തോളം തുള്ളല്‍ പരിശീലിപ്പിച്ച് സജീവമായിരുന്ന അദ്ദേഹം വലിയൊരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ടാണ് വിടപറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News