രക്തസാക്ഷിത്വത്തിന്റെ 70 വര്‍ഷങ്ങള്‍

എഴുപത് വര്‍ഷംമുമ്പ് ഒരു ജനുവരി 30ന്റെ സായാഹ്നം.

ഡല്‍ഹിയിലെ ബിര്‍ളാ മന്ദിരത്തില്‍ താമസിച്ചിരുന്ന ഗാന്ധിജി പതിവുപോലെ സര്‍വമത പ്രാര്‍ഥനയ്ക്കായി തന്റെ സന്തതസഹചാരികളായിരുന്ന മനുവിന്റെയും ആഭയുടെയും സഹായത്തോടെ മന്ദിരത്തിനു പിന്നിലെ അല്‍പ്പം ഉയരംകൂടിയ മുറ്റത്തേക്ക് നടന്നുവരികയാണ്.

അന്ന് അല്‍പ്പം വൈകിയാണ് അദ്ദേഹം പ്രാര്‍ഥനയ്ക്ക് എത്തിയത്. ഗാന്ധിജിയുടെ വരവുംകാത്ത് ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തില്‍നിന്ന് നീല ട്രൗസറും കാക്കി ബുഷ് ജാക്കറ്റും ധരിച്ച ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടുവന്ന് തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ എടുത്ത് ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. ‘ഹേ റാം’ എന്നു മന്ത്രിച്ച് മഹാത്മാവ് കുഴഞ്ഞുവീണു.

മൂന്നു പതിറ്റാണ്ടിലേറെക്കാലം ഭാരതീയരുടെ മനസ്സില്‍ നിര്‍ഭയത്വവും ജീവിതത്തിന് വെളിച്ചവും പകര്‍ന്നിരുന്ന ആ ജീവന്‍ അവിടെ പൊലിഞ്ഞു.

സ്വാതന്ത്ര്യലബ്ധിക്കു മുമ്പും അതിനുശേഷവും സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും മാനവികതയ്ക്കുംവേണ്ടി നിലകൊണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് രക്തസാക്ഷിയാകേണ്ടിവന്നത്. താന്‍ സനാതനഹിന്ദുവാണെന്ന് എല്ലായ്‌പ്പോഴും അഭിമാനപൂര്‍വം പറഞ്ഞിരുന്ന മഹാത്മജിയെ വധിച്ചത് മറ്റൊരു സനാതനഹിന്ദുവായിരുന്നു. ഭാരതത്തെ ഒരു ഹിന്ദുരാഷ്ട്രമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തിന് വിഘാതമായി നിന്നതാണ് ഗാന്ധിജിയെ വധിക്കാന്‍ കാരണം.

ഒന്നാംലോക മഹായുദ്ധാനന്തരകാലത്ത് ഇന്ത്യയില്‍ ഐക്യപ്പെട്ടു വന്ന കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വക്താവായി ഗാന്ധിജി രംഗത്തുവന്നതോടെയാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നത്. ഹിന്ദു മുസ്ലിം ഐക്യത്തിനുവേണ്ടി എക്കാലവും അദ്ദേഹം പ്രവര്‍ത്തിച്ചു.

അതില്‍ പരിഭ്രാന്തിപൂണ്ടവരാണ് ഒരു സവര്‍ണഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ലക്ഷ്യവുമായി ഹിന്ദുമഹാസഭയും അതിന്റെയുള്ളില്‍ സൈദ്ധാന്തികവും കായികവുമായി പരിശീലനം സിദ്ധിച്ച ഒരു കേഡര്‍ സംഘടനയായ ആര്‍എസ്എസും രൂപീകരിച്ചത്.

ഈ രണ്ടു സംഘടനയുടെയും നേതൃത്വം ഒന്നായിരുന്നു. അതിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഡോ. ബി എസ് മുംജെ ഇറ്റലി സന്ദര്‍ശിച്ച് മുസോളിനി സ്ഥാപിച്ച ഫാസിസ്റ്റ് സൈനിക സ്‌കൂളുകളില്‍നിന്ന് പരിശീലനത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കുകയും അത് ആര്‍എസ്എസിന്റെ ശാഖകളില്‍ നടപ്പാക്കുകയും ചെയ്തു.

സൈദ്ധാന്തികവും കായികവുമായ പരിശീലനം നല്‍കി ദൃഢചിത്തരായും കായികമായി കരുത്തുള്ളവരായും വളര്‍ന്നുവരുന്നവര്‍ തങ്ങള്‍ ചെയ്ത പ്രവൃത്തിയോര്‍ത്ത് പിന്നീടൊരിക്കലും പശ്ചാത്തപിക്കുകയില്ല.

അതാണ് ഗാന്ധിവധത്തിലെ കുറ്റവാളികളായ നാഥുറാം ഗോഡ്‌സെയും ഗോപാല്‍ ഗോഡ്‌സെയും മറ്റുള്ളവരും ഒരിക്കലും പശ്ചാത്തപിക്കാതിരുന്നത്.

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് പ്രഖ്യാപിച്ച മഹാത്മജി തന്റെ ജീവിതത്തിലുടനീളം മുറുകെപ്പിടിച്ചത് അഹിംസ, സത്യഗ്രഹം, നിസ്സഹകരണം, മതനിരപേക്ഷത, മാനവികത എന്നീ മൂല്യങ്ങളായിരുന്നു.

ഈ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് സവര്‍ണാവര്‍ണ ഭേദമെന്യേ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ അദ്ദേഹം അണിനിരത്തിയത്.

മതാടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വചിച്ച്, ഇന്ത്യയില്‍ രണ്ട് ദേശീയതയാണ് ഉള്ളതെന്നും പാകിസ്ഥാനെന്നും ഹിന്ദുസ്ഥാനെന്നും രണ്ടു രാഷ്ട്രം രൂപീകരിക്കണമെന്നുമുള്ള ഹിന്ദുമഹാസഭയുടെയും മുസ്ലിംലീഗിന്റെയും നിലപാടുകളെ നിരാകരിച്ച് അഖണ്ഡഭാരതമെന്ന നിര്‍ദേശമാണ് അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളുടെ മുന്നില്‍ വച്ചത്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി തീര്‍ക്കണമെന്ന തങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നടപ്പാക്കുന്നതിന് തടസ്സം ഗാന്ധിജിയാണെന്ന് ഹിന്ദുമഹാസഭ വിലയിരുത്തി.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഭരണഘടനാ നിര്‍മാണസഭ നിലവില്‍വരികയും തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭകള്‍ നിലവില്‍വരികയും ജനം മഹാത്മജിയുടെ കീഴില്‍ അണിനിരക്കുകയും ചെയ്താല്‍ തങ്ങളുടെ ഹിന്ദുരാഷ്ട്രമോഹം നടപ്പാക്കാന്‍ കഴിയില്ലായെന്ന് അവര്‍ക്കുറപ്പുണ്ടായിരുന്നു.

ഒരാളിന് ഒരു വോട്ട് എന്ന അടിസ്ഥാനത്തില്‍ ജനാധിപത്യഭരണപ്രക്രിയ നടപ്പായാല്‍ മഹാഭൂരിപക്ഷം വരുന്ന ദളിതരും പിന്നോക്കസമുദായക്കാരും സവര്‍ണരുടെ ഭരണത്തെ തൂത്തെറിയുമെന്നത് ഉറപ്പായിരുന്നു.

ആ പ്രക്രിയയില്‍ മഹാത്മജിയെയായിരിക്കും ഇന്ത്യന്‍ ജനത പിന്തുടരുകയെന്ന് ഉറപ്പുള്ളതിനാല്‍ അദ്ദേഹത്തെ വധിക്കേണ്ടത് ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും ആവശ്യമായിരുന്നു. ഭരണഘടന നിലവില്‍ വന്നശേഷം തെരഞ്ഞെടുപ്പിലൂടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞാണ് 1951 ല്‍ ഭാരതീയ ജനസംഘം എന്ന ഒരു രാഷ്ട്രീയ പാര്‍ടി രൂപീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറായത്.

അന്നുമുതല്‍ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും തങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നേടിയെടുക്കുന്നതിനുള്ള സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ആ കക്ഷിയുടെ വ്യത്യസ്ത പേരിലുള്ള പിന്മുറക്കാര്‍.

മഹാത്മജിയുടെ ജീവനപഹരിച്ച വെടിയുണ്ടകള്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഗര്‍ജിച്ചുകൊണ്ടേയിരിക്കുന്നു. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ പൊരുതുന്നവര്‍, ചിന്താസ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍, അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുംവേണ്ടി പൊരുതുന്നവര്‍, മതനിരപേക്ഷതയ്ക്കു വേണ്ടിയും സാഹോദര്യത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നവര്‍, ഒക്കെ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയ്ക്ക് നിഷ്ഠുരമായി കൊല ചെയ്യപ്പെട്ടു.

മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ 70ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹം മുറുകെ പിടിച്ച മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകാതെ പ്രതിജ്ഞയെടുക്കേണ്ട ബാധ്യത വര്‍ത്തമാനകാല സമൂഹത്തിനുണ്ട്.

അതുകൊണ്ടാണ് സാംസ്‌കാരികവകുപ്പ് രക്തസാക്ഷിത്വത്തിന്റെ 70 വര്‍ഷങ്ങള്‍ എന്നപേരില്‍ മഹാത്മാവിന്റെ ജീവത്യാഗത്തെ വിവിധ പരിപാടികളോടെ ജനങ്ങളെ ഓര്‍മപ്പെടുത്താന്‍ തീരുമാനിച്ചത്.

ഗാന്ധിജി കേരളത്തില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും അദ്ദേഹവുമായി സഹകരിക്കുകയും ഐക്യപ്പെടുകയും ചെയ്ത വ്യക്തികളും ചരിത്രസന്ദര്‍ഭങ്ങളും കോര്‍ത്തിണക്കി ഒരു വര്‍ഷക്കാലം നീളുന്ന പരിപാടികള്‍ ജില്ല തോറും വിപുലമായി ആചരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.

ഈ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം തിരുവനന്തപുരത്ത് കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ 30നു വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മഹാത്മാഗാന്ധിയുടെ പ്രപൗത്രനും മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷനും പത്രപ്രവര്‍ത്തകനുമായ തുഷാര്‍ഗാന്ധി, സാംസ്‌കാരികരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗാന്ധിജിയെക്കുറിച്ചുള്ള കവിതകളുടെയും ജീവിതമുഹൂര്‍ത്തങ്ങളുടെയും ദൃശ്യാവിഷ്‌കരണവും പ്രഭാഷണങ്ങള്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്.

29നും 30നും ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി വിപുലമായ എക്‌സിബിഷനും വിജെടി ഹാളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരുവിന്റെ ജാതിയില്ലാ വിളംബരത്തിന്റെ 100ാം വാര്‍ഷികവും സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ കേരള സന്ദര്‍ശനത്തിന്റെ 125ാം വാര്‍ഷികവും വളരെ വിപുലമായ പരിപാടികളോടെ സാംസ്‌കാരികവകുപ്പ് സംഘടിപ്പിച്ചു.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും സെമിനാറുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാനും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ഇതിന്റെ സന്ദേശം എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

സമാനമായ രീതിയില്‍ അങ്ങേയറ്റം ജനകീയമായി കക്ഷിരാഷ്ട്രീയ ഭേദെമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുന്നതിനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഒരു വര്‍ഷംകൂടി കഴിയുമ്പോള്‍ മഹാത്മജി ജനിച്ചതിന്റെ 150ാം വാര്‍ഷികം രാജ്യം ആഘോഷിക്കാനിരിക്കുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളാണ് 1950ല്‍ നിലവില്‍വന്ന ഭരണഘടനയുടെ ആമുഖത്തില്‍ ആലേഖനം ചെയ്തിട്ടുള്ളത്.

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്തിക്കാനും പ്രകടിപ്പിക്കാനും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യവും സ്ഥിതിസമത്വവും അവസരസമത്വവും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ടുള്ള സാഹോദര്യവും സ്ഥാപിക്കുമെന്നാണ് ആമുഖത്തില്‍ പറഞ്ഞിട്ടുള്ളത്.

ആ തത്വങ്ങള്‍ നടപ്പാക്കിക്കിട്ടുന്നതിനു വേണ്ടി ഓരോ ഭാരതീയനും പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയാണ് മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന്റെ 70ാം വാര്‍ഷികം ആചരിക്കുന്ന ഈ വേളയില്‍ ചെയ്യാനുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News