തുള്ളലിന്റെ രാജകുമാരന്‍

കേരളീയ കലകളുടെ വളര്‍ച്ചയില്‍ എക്കാലവും പ്രധാന പങ്കുവഹിച്ചിട്ടുള്ളത് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച കലാകാരന്മാരാണ്. പ്രോല്‍സാഹനവുമായി ഒപ്പം നിന്ന സംഘടനകളും സ്ഥാപനങ്ങളും അവരവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും മുഖ്യമായി കലാകാരമാര്‍തന്നെയാണ് നമ്മുടെ കലാരൂപങ്ങളെ മുമ്പിലും പിറകിലും നിന്ന് നയിച്ചിട്ടുള്ളത്.

ഓരോ കലാരൂപത്തെ മുന്‍നിര്‍ത്തിയും വളര്‍ച്ചയുടെ പടവുകളിലേക്ക് നടക്കുകയും കലയെ ഒപ്പം കൂട്ടുകയും ചെയ്ത കലാകാരന്മാരെ എടുത്തു പറയാനാവും. തുള്ളലിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ കലാമണ്ഡലം ഗീതാനന്ദന്‍ വഹിച്ച പങ്ക് വലുതാണ്. നന്മതിന്‍മകളുടെ വേര്‍തിരിവിനെപ്പറ്റി വലിയ ആലോചനകള്‍ കലാകാരന്മാര്‍ നേരിട്ട് നടത്തുന്നില്ലെങ്കിലും അരങ്ങുകലയില്‍ അത്തരം വിചാരങ്ങള്‍ അടങ്ങുന്നുണ്ട്.

അഭിനവ കലാരൂപങ്ങള്‍ പലതും സമൂഹത്തെ വഴിതെറ്റിക്കുമ്പോള്‍ തുള്ളല്‍ ഉള്‍പ്പെടെയുള്ള കലകള്‍ നമ്മുടെ സംസ്‌കാരത്തിലേക്ക് വെളിച്ചം തൂവുകയാണ് ചെയ്യുന്നത്. ഇങ്ങനെ കേരളീയ സംസ്‌കാരത്തെ മുറുകെ പിടിക്കുന്നതില്‍ നൂറു കണക്കായ അരങ്ങുകള്‍ വഴി ഗീതാനന്ദന്‍ നിര്‍വഹിച്ച പങ്ക് വലുതാണ്. അവതരണം മാത്രമല്ല അദ്ദേഹം നിര്‍വഹിച്ചത്. തുള്ളലിന്റെ പ്രചാരണം, ശിക്ഷണം, മറ്റു കലാരൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള കൈമാറ്റങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം വലിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.

കലാമണ്ഡലത്തിലും പുറത്തുമായി നൂറുകണക്കിന് കലാകാരന്‍മാരെ അദ്ദേഹം കളരിയില്‍ നിന്ന് അരങ്ങിലെത്തിച്ചു. സിനിമ ഉള്‍പ്പെടെ മറ്റു മേഖലകളിലെ നിരവധി കലാകാരന്മാരെ തുള്ളല്‍ അഭ്യസിപ്പിച്ച് അരങ്ങിലെത്തിക്കുക വഴി തുള്ളലിനെയും അത് പ്രസരിപ്പിക്കുന്ന സംസ്‌കാരത്തെയും സമൂഹത്തിലാകെ വ്യാപിപ്പിക്കുന്നതില്‍ ഗീതാനന്ദന്‍ കലാകാരനെന്ന നിലയില്‍ വിജയിച്ചു. വേണ്ടിടത്ത് വിനയവും വേണ്ടിടത്ത് താന്‍പോരിമയും പ്രകടിപ്പിക്കുക വഴി തുള്ളല്‍ രാജകുമാരനായി വിരാജിക്കാന്‍ അദ്ദേഹത്തിനായി.

കലാകാരനെന്ന നിലയില്‍ തനിക്കും ശിഷ്യര്‍ക്കും ലഭിക്കേണ്ട ഇടത്തെക്കുറിച്ച് ഇത്രയേറെ ആകുലപ്പെട്ട മറ്റൊരു തുള്ളല്‍ കലാകാരനില്ലതന്നെ. ഏതു സമയത്തും അരങ്ങിലുണ്ടാവണമെന്ന കൊതിയോടെ കഴിഞ്ഞയാളാണ് ഗീതാനന്ദന്‍. അതിജീവിക്കാനും സ്വന്തമാക്കാനുമുള്ള മോഹം ഒരിക്കലും മറ്റു കലാകാരന്മാരോടുള്ള അസഹിഷ്ണുതയായി വളര്‍ന്നിരുന്നില്ല.

ഗീതാനന്ദന്‍ സിനിമയില്‍ അഭിനയിക്കുന്നതും പിന്നണിയില്‍ അനൗണ്‍സറായി കൂടുന്നതുമെല്ലാം താനൊരു തുള്ളല്‍ക്കാരനാണെന്ന ധാരണയെ ഉയര്‍ത്തിപ്പിടിക്കുന്നതിനും തുള്ളലിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. കുടുംബ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം കലയ്ക്ക് ഒന്നാമത്തെ പരിഗണന നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കലയുമായി ബന്ധപ്പെടുത്താനാവാത്ത ഒന്നും തന്നെ അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നതുമില്ല.

കുഞ്ചന്‍ നമ്പ്യാരുടെ കൃതികളുമായി സമൂഹത്തിനുള്ള ജൈവബന്ധം നിലനിര്‍ത്തുന്നതിനും വായനക്കാരല്ലാത്തവര്‍ക്കു കൂടി നമ്പ്യാര്‍ കൃതികളെ സ്വന്തമെന്ന നിലയില്‍ കാണാന്‍ അവസരം സൃഷ്ടിക്കുന്നതിനും സ്വയമറിയാതെ അരങ്ങിലും അണിയറയിലും യത്‌നിച്ച കലാമണ്ഡലം ഗീതാനന്ദന് പ്രണാമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News